മൂവാറ്റുപുഴ: കടൽ വിൽക്കാൻ തീരുമാനം എടുത്ത സർക്കാരിനെ തെളിവ് സഹിതം കൈയോടെ പിടികൂടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ പൊതുപര്യടന പരിപാടി പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പി.എസ്.സിയെ നോക്കുകുത്തിയാക്കി മാറ്റി യുവജനതയെ സർക്കാർ വഞ്ചിച്ചു.വീടും കിറ്റും കൊടുക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. പ്രളയ സെസ് ഈടാക്കിയും വൈദ്യുതി ചാർജ് മൂന്നിരട്ടി വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിച്ചിട്ടാണ് 400 രൂപയുടെ കിറ്റ് നൽകുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. അമീർ അലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.എം.സലീം മുഖ്യ പ്രഭാക്ഷണം നടത്തി.തോമസ് രാജൻ, ജോയി മാളിയേക്കൽ, ജോസ് വള്ളമറ്റം, ഉല്ലാസ് തോമസ് എന്നിവർ സംസാരിച്ചു.