
കോലഞ്ചേരി: തിരഞ്ഞെടുപ്പ് രംഗത്ത് മുഖത്തോട് മുഖം കണ്ടാൽ പോർ വിളിക്കുന്ന മുന്നണികൾക്ക് പ്രചാരണ ബോർഡ് സ്ഥാപിക്കുന്ന കാര്യത്തിൽ മാത്രം പോരാട്ടമില്ല. റോഡുകളിൽ കൂടി പോകുന്നവർക്ക് കാണത്തക്കവിധം ബോർഡ് സ്ഥാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുംപിടുത്തം കൊണ്ട് മുന്നണികൾക്ക് സ്വകാര്യ വ്യക്തികളുടെ കാൽ പിടിച്ചേ മതിയാകൂ. പൊതു ഇടങ്ങളിൽ വയ്ക്കുന്ന ബോർഡ് എടുത്ത് മാറ്റും എന്നു മാത്രമല്ല, മാറ്റുന്ന തുക കൂടി സ്ഥാനാർത്ഥിയുടെ കണക്കു ബുക്കിലെഴുതും. ഇതോടെ ഇക്കാര്യത്തിൽ മുന്നണികൾ തമ്മിൽ ഭായി ഭായി ആയി. കുന്നത്തുനാട്ടിൽ ഇക്കാര്യത്തിൽ മുന്നണികൾ തമ്മിൽ ഒരു പരിഭവവുമില്ല. ഒരേ പുരയിടത്തിൽ തന്നെ പ്രധാന മുന്നണികളുടെയെല്ലാം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ മണ്ഡലത്തിലുടനീളം കാണാം. വോട്ട് ആർക്കെന്ന് ഉറപ്പിച്ചെങ്കിലും ബോർഡ് വയ്ക്കുന്ന കാര്യം ചോദിച്ചു വരുമ്പോൾ 'നിഷ്പക്ഷ ബഹുമാനം' പ്രതീക്ഷിച്ച് വീട്ടുകാരും എല്ലാവർക്കു മുന്നിലും സമ്മതം മൂളും. ഇതോടെ നാട്ടിലെ പാർട്ടിക്കാർക്ക് വോട്ടിന്റെ കാര്യത്തിൽ കൺഫ്യൂഷനാവുന്നതിനൊപ്പം ബോർഡ് വയ്ക്കാൻ ഇടം കൊടുത്തല്ലോ എന്നതിൽ സന്തോഷവുമാകും എന്നാണ് വീട്ടുകാരുടെ നിലപാട്.തിരഞ്ഞെടുപ്പു പ്രചാരണം ഒന്നാം ഘട്ടം പൂർത്തിയായതോടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും, ബോർഡുകളും നിറഞ്ഞു കഴിഞ്ഞു.