കൊച്ചി: ഏപ്രിൽ ഒന്നു മുതൽ 45 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിലേക്ക് കൂടുതൽ കൊവിഡ് വാക്സിനെത്തും. നിലവിൽ ഒരു ലക്ഷം വാക്സിനാണുള്ളത്.ഇത് ആറു ദിവസത്തെ ആവശ്യത്തിനുണ്ടാവും. ഏപ്രിൽ രണ്ടിന് എറണാകുളം ഉൾപ്പെടെ അഞ്ചു ജില്ലകളിലെ ആവശ്യത്തിനായി അഞ്ചര ലക്ഷം വാക്സിനെത്തും. ഇതിൽ നിന്ന് ഒന്നര ലക്ഷത്തോളം വാക്സിൻ ജില്ലയുടെ ആവശ്യത്തിന് ലഭിക്കും.
മാസ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷന് 250 രൂപ നൽകണം.അതേസമയം സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്. ഇതിനുപുറമെ മാസ് വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കുകയും കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തതാണ് സ്വകാര്യ ആശുപത്രികളിലെ തിരക്ക് കുറയാൻ കാരണം.
ആധാർ കാർഡുമായി കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ എടുക്കാമെന്ന് കൊവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.എ.ജി.ശിവദാസ് പറഞ്ഞു. ഏപ്രിൽ ആദ്യ ആഴ്ചയോടെ 20-25 വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.