1
തൃക്കാക്കര നഗരസഭാ ശ്മശാനമായ ശാന്തിഭവനിലെ ജീവനക്കാരി സലീന മൈക്കിളിനെ പൊന്നാടയണിയിക്കുന്ന തൃക്കാക്കര നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്.സജി.

തൃക്കാക്കര: കത്തിതീർന്നാലും പരേത്മാവിന് ശാന്തികിട്ടാതെ അലയേണ്ടിവരുന്ന ഒരിടമായി ശാന്തിഭവനെ മാറ്റിയത് തൃക്കാക്കര നഗരസഭയുടെ പിടിപ്പുകേടാണെന്ന് തൃക്കാക്കര നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എസ്.സജി. ആധുനിക രീതിയിൽ പണിതീർത്തെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ നവംബറിൽ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്ത തൃക്കാക്കര നഗരസഭാ ശ്മശാനമായ ശാന്തിഭവനിൽ ഇന്നും ഉപയോഗിക്കുന്നത് പരമ്പരാഗത വിറക് ചിത തന്നെ. ഗ്യാസ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം ദഹിപ്പിക്കാവുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്ന് പറയുമ്പോഴും മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമായിട്ടില്ല.
കാലങ്ങളായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്ന ജോലി ചെയ്തുപോരുന്ന സലീന മൈക്കിളും ശ്മശാനത്തിന്റെ ദുരവസ്ഥ വിവരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആധുനീകരിച്ചെന്ന പേരിൽ ശ്മശാനം ഉദ്ഘാടനം ചെയ്‌തെങ്കിലും മൃതദേഹം ദഹിപ്പിക്കാനുള്ള ഗ്യാസ് പോലും ഏർപ്പെടുത്തിയിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ഒരു മൃതദേഹം കത്തിതീരാൻ രണ്ടര മുതൽ മൂന്നര മണിക്കൂർ വരെ സമയം വേണം. തുടർന്ന് അസ്ഥി ശേഖരണമടക്കമുള്ള ചടങ്ങുകളും നടത്തിയശേഷമേ മറ്റ് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുവരെ മൃതദേഹവുമായി എത്തിയവർ കാത്തിരിക്കേണ്ട ഗതികേടിലാണ്. സലീന പറഞ്ഞു. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഉദ്യാനമടക്കം ഒരുക്കി ശാന്തിഭാവനിൽ ശാന്തികൊണ്ടുവരുമെന്നും ഹൈടെക് രീതിയിലേക്ക് പ്രവർത്തനം മാറ്റുമെന്നും സജി പറഞ്ഞു.