high-court

കൊച്ചി: രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്നൊഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് ചോദ്യംചെയ്ത് നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിശദീകരണം തേടി. ഇന്നലെ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് പി.വി. ആശയുടെ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോടാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കും.

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കുന്നതിനെത്തുടർന്നുള്ള ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. നിയമസഭയുടെ കാലാവധി മേയ് വരെയുണ്ടെന്നിരിക്കെ ഇപ്പോഴുള്ള എം.എൽ.എമാരുടെ വോട്ട് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. എന്നാൽ കേന്ദ്ര നിയമമന്ത്രാലയം സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ മരവിപ്പിച്ചു. ഇതിനെയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്.