abdhul-salim
അബ്ദുൽ സലിം

ആലുവ: കാൽമുറിച്ചുമാറ്റപ്പെട്ട വയോധികന് പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടതായി ആക്ഷേപം. തോട്ടക്കാട്ടുകര മന ലൈനിൽ ആഷിയാനയിൽ അബ്ദുൽ സലിമിനാണ് അർഹതയുണ്ടായിട്ടും പോസ്റ്റൽ വോട്ട് നിഷേധിച്ചെന്ന് പരാതിയുള്ളത്. 81 വയസുള്ള സലീമിന്റെ ഇടത്തെ കാൽ, മുട്ടിനു മുകളിൽ വെച്ച് 2014ൽ മുറിച്ചു മാറ്റിയിട്ടുള്ളതാണ്. അർബുദ രോഗിയായ ഇദ്ദേഹം വാക്കറിന്റെ സഹായത്തോടെയാണ് വീട്ടിൽ നടക്കുന്നത്. ഹൃദ്രോഗിയായ സലീമിന് ആഞ്ചിയോപ്ലാസ്റ്റി, ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ചെയ്തിട്ടുണ്ട്. അതിനാൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യാൻ പ്രയാസമാണ്. പോസ്റ്റൽ വോട്ടിനുവേണ്ടി ബി.എൽ.ഒ വഴി ഫോം പൂരിപ്പിച്ചു നൽകിയിരുന്നു. മതിയായ രേഖകളും നൽകി. എന്നിട്ടും അകാരണമായി പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടതായും സലിം പറയുന്നു.