
കൊച്ചി:ഫുട്ബാൾ കളിക്കണം, വലിയ താരമാകണം. തമിഴ്ബാലനായ കതിരിന്റെ ഈ സ്വപ്നം ഒറ്റപ്പെയ്‌ത്തിൽ കടപുഴകി. കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലെ കൂറ്റൻമരം മറിഞ്ഞുവീണപ്പോൾ പൊട്ടിത്തകർന്നത് ഒമ്പതാം ക്ളാസുകാരന്റെ ജീവിതവും സ്വപ്നങ്ങളുമാണ്.
പി. കതിരവനെന്ന കതിരിന് ഇനി വലതുകാൽ മാത്രമേയുള്ളൂ. മരത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇടതുകാൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുറിച്ചുനീക്കി.
മഴ നനയാതിരിത്താൻ കതിരും സുഹൃത്ത് അരുണും മരത്തിനടയിൽ നിൽക്കെയായിരുന്നു അപകടം. മരത്തിനും സമീപത്തെ മതിലിനും ഇടയിൽ കാലുകൾ പെട്ടുപോയതാണ് പരിക്ക് ഗുരുതരമാക്കിയത്. ഒരുമണിക്കൂറോളം ചോരയിൽ കുളിച്ചു വേദനയാൽ നിലവിളിച്ചു കിടക്കേണ്ടി വന്നു. സെൻട്രൽ പൊലീസും ഫയർഫോഴ്സുമാണ് ഇരുവരെയും പണിപ്പെട്ട് രക്ഷപ്പെടുത്തിയത്.
കതിരിനെ പൊലീസ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും കൊവിഡ് ടെസ്റ്രിന്റെ വിവരങ്ങൾ മാതാപിതാക്കളുടെ കൈവശമില്ലാതിരുന്നതിനാൽ ചികിത്സവൈകി. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. വലതുകാലിനും പരിക്കുണ്ട്.
തമിഴ്നാട്ടിലെ വിരുതുനഗർ സ്വദേശിയായ കതിരും കുടുംബവും മൂന്നര വർഷം മുമ്പ് എറണാകുളത്ത് എത്തിയതാണ്. ഗാന്ധിനഗറിൽ വാടകയ്ക്കാണ് താമസം. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കതിർ.
കൊവിഡ് ബാധിതനാണെന്ന് റിസൾട്ട് വന്നതോടെ സ്വകാര്യ ആശുപത്രി അധികൃതർ കൈവിട്ടു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ചികിത്സയ്ക്കായി വീണ്ടും കാത്തിരിക്കേണ്ടിവന്നു. അഞ്ചര മണിക്കൂറോളമാണ് കതിർ വേദനസഹിച്ചിരുന്നത്.
രാജാറാം
ബന്ധു