ആലുവ: ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായവർക്ക് ആശ്വാസവാക്കുകളുമായി സ്ഥാനാർത്ഥികൾ. ആലുവ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ഇന്നലെ പൊതുപര്യടനത്തിനിടയിൽ നാശനഷ്ടം നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ചു. ആലുവ പാലസ് റോഡിൽ മരംമറിഞ്ഞ് ഗതാഗത തടസമുണ്ടായതറിഞ്ഞ് അൻവർ സാദത്ത് സ്ഥലത്തെത്തി മരംമുറിച്ചു മാറ്റാൻ നേരിട്ടിറങ്ങി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് കാഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയും രാവിലെ ആലുവായിലെ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.