
കൊച്ചി: പുലിമുട്ട് പ്രശ്‌നത്തിന് പരിഹാരം തേടിയും ചെല്ലാനം നിവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊച്ചിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ണമാലി പുത്തൻതോട് ഗ്യാപ്പിൽ കടലിലിറങ്ങി പ്രതിഷേധം.
പ്രവർത്തകർക്കൊപ്പം കടൽത്തീരത്തെത്തിയ സ്ഥാനാർത്ഥി മുദ്രാവാക്യം വിളിച്ച് കടലിലേക്ക് ഇറങ്ങുകയായിരുന്നു. എൻ.ഡി.എ വിജയിച്ചാൽ തീരദേശവാസികളുടെ പ്രശ്‌നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുമെന്ന് സി.ജി. രാജഗോപാൽ ഉറപ്പുനൽകി. തുറയിലെ മുതിർന്ന അംഗം വിൻസെന്റിനെ പൊന്നാട അണിയിച്ച ശേഷമാണ് സി.ജി. രാജഗോപാൽ പ്രതിഷേധവുമായി കടലിലിറങ്ങിയത്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ്, ഏരിയ പ്രസിഡന്റ് മെൽവിൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ചെല്ലാനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാഹനപര്യടനം ഇന്ന് മുതൽ
കൊച്ചി: സി.ജി. രാജഗോപാലിന്റെ വാഹന പര്യടനം ഇന്നാരംഭിക്കും. രാവിലെ എട്ടിന് രാമേശ്വരം ക്ഷേത്രത്തിന് സമീപം ഒ.എം. ശാലീന ഉദ്ഘാടനം ചെയ്യും. ഇന്നലെ രാവിലെ കണിച്ചുകുളങ്ങരയിലെത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ടായിരുന്നു രാജഗോപാൽ പ്രചാരണം തുടങ്ങിയത്. പുത്തൻതോട്, കണ്ണമാലി, തോപ്പുംപടി പ്രദേശങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ചു.