
പെരുമ്പാവൂർ: പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങളിലാണ് എം.എൽ.എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമനമ്പർ: 1354) മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130ലുമാണ് (ക്രമനമ്പർ: 1092) വോട്ടർപട്ടികയിൽ എൽദോസ് കുന്നപ്പിള്ളിയുടെ പേരുള്ളത്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്പർ 142ലും (ക്രമനമ്പർ: 1358) മൂവാറ്റുപുഴയിലെ ബൂത്ത് നമ്പർ 130ലുമാണ് (ക്രമനമ്പർ: 1095) വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് വോട്ടർപട്ടികയിൽ ഇരുവരുടേയും പേരുള്ളത്.
മൂവാറ്റുപുഴയിൽ വോട്ടുള്ള കാര്യം മറച്ചുവെച്ചാണ് എം.എൽ.എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ വോട്ട് ചേർത്തതെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ ആരോപണം. കഴിഞ്ഞദിവസം എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിൽ 2286 ഇരട്ടവോട്ടുകളുണ്ടെന്ന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുന്നപ്പിള്ളിക്കു തന്നെ ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തെത്തിയത്.
അറിയുന്നത് മാദ്ധ്യമങ്ങളിൽ വന്നപ്പോൾ -എൽദോസ്
എം.എൽ.എയായ ശേഷം പെരുമ്പാവൂരിൽ സ്ഥിരതാമസമാക്കിയതിനാൽ ഇങ്ങോട്ടേക്ക് വോട്ട് മാറ്റിയിരുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു..
നിയമനടപടിക്രമങ്ങൾ പാലിച്ച് നൽകിയ അപേക്ഷ സ്വീകരിക്കുകയും വോട്ടർപട്ടികയിലെ പേര് പെരുമ്പാവൂരിലേക്ക് മാറ്റുകയുമായിരുന്നു. ഇത്തരത്തിൽ മാറ്റിയ വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കേണ്ടതും പഴയതിൽ നിന്ന് നീക്കം ചെയ്യേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജീവനക്കാരുമാണ്. മാദ്ധ്യമങ്ങളിൽ വന്നപ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നത്. ഉദ്യോഗസ്ഥരുടെ പിഴവാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയില്ല.