നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം മേലില ചേരവിള തെക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ജോസാണ് (24) അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പാണ് ഇൻസ്റ്റഗ്രാം വഴി ഇയാൾ ചെങ്ങമനാട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവിടെയെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനായ പ്രതി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. വിദ്യാർത്ഥിനിയെ പ്രതി വീട്ടുകാർ അറിയാതെ സ്വന്തം വീടിനകത്ത് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് വീട്ടുകാർപോലും മുറിയിൽ പെൺകുട്ടിയുണ്ടെന്നറിഞ്ഞത്. ഇവിടെനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ സജിൻ ലൂയിസ്, സബ് ഇൻസ്‌പെക്ടർമാരായ കെ.എം. സന്തോഷ്, പി.ബി. ഷാജി, എ.എസ്.ഐമാരായ കെ.യു. ഷൈൻ, എ.ബി.സിനുമോൻ, സി.പി.ഒ കെ.ജി. ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.