കൊച്ചി : ജില്ലയിൽ തപാൽ വോട്ടെടുപ്പിന് തുടക്കമായി. ആദ്യദിനം രണ്ടായിരത്തോളം പേർക്ക് (ആബ്സെന്റീവ് വോട്ടേഴ്സ്) പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തു. 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗബാധിതർ എന്നിവർക്കാണ് തപാൽവോട്ട്. 14 മണ്ഡലങ്ങളിലായി 295 തിരഞ്ഞെടുപ്പ് സംഘങ്ങൾ ഇന്നലെ വോട്ടെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അടുത്തമാസം ഒന്നാം തീയതിയോടെ തപാൽ വോട്ടിംഗ് പൂർത്തിയാകും.
സജ്ജമായി 323 ടീം
മൈക്രോ ഒബ്‌സർവർ, സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിവർ അടങ്ങിയ പോസ്റ്റൽ വോട്ടിംഗ് സംഘത്തിൽ വീഡിയോ ഗ്രാഫർമാരും പൊലീസ് സംരക്ഷണവുമുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് പോസ്റ്റൽ വോട്ടിംഗ് സംഘം പ്രവർത്തിക്കുന്നത്. തപാൽ വോട്ടിംഗ് സംഘം വീടുകൾ സന്ദർശിച്ച് വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കി ബാലറ്റ് പേപ്പറുമായി മടങ്ങും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ വോട്ടർമാർ തിരഞ്ഞെടുപ്പ് സംഘത്തിന് അപ്പോൾതന്നെ കൈമാറണം.
രണ്ട് ചാൻസ്
രണ്ട് പ്രാവശ്യം വോട്ടെടുപ്പ് സംഘം എത്തിയിട്ടും വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കും നിരസിക്കുന്നവർക്കും. ഇവർക്ക് വോട്ടിംഗിനായുള്ള അവസരം നഷ്ടപ്പെടും. അവശ്യ സേവന വിഭാഗത്തിലുള്ളവർക്കായുള്ള തപാൽ വോട്ട് ഈ മാസം 28 മുതൽ 30 വരെ വിവിധ നിയോജകമണ്ഡലങ്ങളിൽ സജ്ജമാക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ നടക്കും.