കൊച്ചി: കൊവിഡ് കാലത്ത് നാടകവേദി നിശ്ചലമായെങ്കിലും, അരങ്ങ് സമ്മാനിച്ച അഞ്ഞൂറോളം പുരസ്കാരങ്ങൾ സിനിമയിൽ ചേക്കേറി കൈത്താങ്ങായതിന്റെ ആശ്വാസത്തിലാണ് നാടകപ്രതിഭ പ്രദീപ് മാളവിക. നാടകത്തിന്റെ പടയോട്ടക്കാലമായ 1970 മുതൽ ഏറ്റവും ഒടുവിൽ ലഭിച്ച 2020ലെ സംഗീതനാടക അക്കാഡമി അവാർഡ് വരെ വൈക്കം വടയാറിലെ തൃവേലിക്കുന്നിലെ വീട്ടിലുണ്ട്. അടുത്തിടെ തമിഴ് സിനിമയുടെ പ്രവർത്തകർ എത്തി ആവശ്യപ്പെട്ടത് ഈ അവാർഡുകൾ.
അവാർഡ് ഫലകങ്ങളിലെ പൊടിതട്ടിമാറ്റാൻപോലും അനുവദിക്കാതെ ആലപ്പുഴയിലെ ഷൂട്ടിംഗ് സെറ്റിലെ ഫ്ളാഷ് ബാക്ക് സീനിൽ ഉപയോഗിക്കുന്നതിനായി പ്രദീപിന്റെ ബഹുമതികൾ അവർ കൊണ്ടുപോയി. സിനിമയുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലെന്ന് നിബന്ധനയും വച്ചു. ഒരാഴ്ചകഴിഞ്ഞ് എല്ലാം തിരികെയെത്തിച്ചു. പ്രതിഫലമായി പതിനായിരം രൂപയും നൽകി. അടുത്ത സീനിലേക്കായി അവാർഡുകൾ മിനുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുള്ള ചെലവ് അവർ വഹിക്കും. വാടകയും നൽകാമെന്ന് പറഞ്ഞാണ് സിനിമാ പ്രവർത്തകർ മടങ്ങിയത്.
# വീണ്ടുംവരും സുവർണകാലം
58വർഷം മുൻപ് ടി.കെ. ജോൺ രൂപംനൽകിയ വൈക്കം മാളവിക 23 വർഷമായി പ്രദീപ് മാളവികയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. കൊവിഡ് ഭീതിയെത്തുടർന്ന് കഴിഞ്ഞ മാർച്ച് പത്തിന് വൈക്കം മാളവിക അടച്ചു. കൊവിഡിന് മുമ്പ് ഒരുവർഷം 175 വേദികളിൽവരെ നാടകം അവതരിപ്പിച്ചിരുന്നു. ഒരു നാടകം വേദിയിൽ എത്തിക്കുന്നതിന് പത്തുലക്ഷത്തോളം ചെലവുവരും. രണ്ടുവർഷത്തെ അവതരണത്തിനുശേഷം മുടക്കുമുതൽ തിരിച്ചുകിട്ടിയാൽ ഭാഗ്യമെന്ന് 2003ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ലഭിച്ച പ്രദീപ് മാളവിക പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുനൽകിയതിനുശേഷം 15 വേദികളിൽ നാടകം കളിച്ചു.വരുന്ന ഓണക്കാലത്തോടെ നാടക സീസൺ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.