
കൊച്ചി: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം, ഉദ്യോഗസ്ഥ വിന്യാസം ഉൾപ്പടെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആബ്സന്റീ വോട്ടേഴ്സിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അവശ്യ സർവീസുകാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററുകളുടെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും.
ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ അതത് വരണാധികാരികളുടെ നേതൃത്വത്തിൽ പൂർത്തിയായി. റാൻഡമൈസേഷൻ പൂർത്തിയായ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് 28 ന് ആരംഭിക്കും. ഇതോടൊപ്പം കാൻഡിഡേറ്റ് സെറ്റിംങ്ങും പൂർത്തിയാക്കും.
നാളെ രാവിലെ ഏഴ് മുതൽ കമ്മിഷനിംഗും കാൻഡിഡേറ്റ് സെറ്റിംഗും ആരംഭിക്കും. നിയോജക മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമായി തിരഞ്ഞെടുത്തുള്ള സ്ഥാപനത്തിൽ തന്നെയായിരിക്കും കമ്മീഷനിംഗും കാൻഡിഡേറ്റ് സെറ്റിംഗും നടക്കുക. രാഷട്രീയ പാർട്ടി പ്രതിനിധികളുടെ സാനിധ്യത്തിലായിരിക്കും പ്രവർത്തനങ്ങൾ.
മോക് പോൾ ചെയ്ത് കൃത്യത ഉറപ്പു വരുത്തിയതിനു ശേഷം യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. ഏപ്രിൽ അഞ്ചിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇവിടെ നിന്നും കൈമാറും.
ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങളും അവസാന ഘട്ടത്തിലാണ്. 29ന് പരിശീലനങ്ങൾ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നൽകിയത്. അതത് നിയോജക മണ്ഡലാടിസ്ഥാനത്തിലായിരുന്നു പരിശീലനം. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകും.ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകളും കൈമാറ്റവും പൂർത്തിയായി.
ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടർമാരാണുള്ളത്. 1295142 പുരുഷ വോട്ടർമാരും 1354171 വനിതാ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടും. 93,359 വോട്ടർമാരെ പുതിയതായി വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തു. ആകെ 110 സ്ഥാനാർത്ഥികളാണ് ഇക്കുറി 14 മണ്ഡലങ്ങളിൽ നിന്നായി മാറ്റുരയ്ക്കുന്നത്.