കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ മാണിയാട്ട് ചിറ വർഷങ്ങളായി പഞ്ചായത്ത് ഭരണസമിതികളുടെ കനിവിന് വേണ്ടി കേഴുകയാണ്.എല്ലാ വർഷത്തെയും മണ്ണ് മാറ്റൽ ചടങ്ങ് ഇത്തവണയും പൊടിപൊടിക്കുന്നു. എല്ലാ വർഷവും ലക്ഷങ്ങളാണ് ഈ വകയിൽ പാഴ്ചെലവാക്കുന്നത്. നാട്ടുകാർക്കോ പരിസരവാസികൾക്ക് യാതൊരുവിധ പ്രയോജനവും ഇല്ലാത്ത പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ഒന്നോ,രണ്ടോ മഴ പെയ്ത് കഴിഞ്ഞാൽ വിണ്ടും ചിറ പൂർവസ്ഥിതിയിലാകും. വായ്ക്കര റോഡിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ ഒഴുകി വരുന്ന മണ്ണ് ചിറയിലേക്കാണ് വന്ന് ചേരുന്നത് . മഴക്കാലത്ത് ഒഴുകിയെത്തുന്ന പുറം വെള്ളവും ചെളിയുംചിറയിൽ പതിക്കുകയും തന്മൂലം ചിറ നികന്ന് പോകുന്ന അവസ്ഥയാണ്. ഈ മണ്ണ് ചിറയിൽ പതിയ്ക്കാതെ സമീപത്തുള്ള തോട് വഴി കാലങ്ങളായി പോയിരുന്നതാണ്.
തോട്ടിലൂടെ വരുന്ന പുറം വെള്ളം ചിറയിൽ ചാടിക്കാതെ വഴി തിരിച്ചു വിട്ടാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ കാനയിലൂടെ വരുന്ന വെള്ളം ചിറയിൽ പ്രവേശിക്കാതെ പൂർവകാല തോട് പുനർനിർമിച്ച് താഴത്തേയ്ക്ക് കളയണം.
നടപടി സ്വീകരിക്കാതെ അധികൃതർ
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തോട് മണ്ണിട്ട് മൂടുകയും സമീപമുള്ള സ്ഥല ഉടമകൾ കൈവശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
നിർമാണ പ്രവർത്തിയുടെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പലയാവർത്തി അധികൃതരെ ധരിപ്പിച്ചെങ്കിലും ചിറയുടെ അപാകത പരിഹരിക്കുന്നതിന് വേണ്ട യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
ചിറയുടെ വശങ്ങളിലുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കണമണെമെന്നും പുറം വെള്ളം ചിറയിൽ ചാടാതെ ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കണം .
കെ.ജി.സുബ്രഹ്മണ്യൻ,സെക്രട്ടറി ,മൈത്രി റസിഡൻസ് അസോ.