election

കൊച്ചി: പ്രചാരണം മുറുകിയപ്പോൾ ജില്ലയിലേക്ക് ദേശീയ, സംസ്ഥാന നേതാക്കളുടെ ഒഴുക്ക്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പ്രസംഗവും റോഡ് ഷോയുമായി നേതാക്കൾ അരങ്ങു കൊഴുപ്പിക്കുകയാണ്.

തിങ്കളാഴ്ച രാഹുൽ ഗാന്ധിയിലൂടെയായിരുന്നു ദേശീയ നേതാക്കളുടെ രംഗപ്രവേശം. തൊട്ടുപിന്നാലെ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് റോഡ് ഷോ നടത്തി. അടുത്ത ദിനം സി.പി.എം നേതാവ് പ്രകാശ് കാരാട്ട് പറവൂർ, പെരുമ്പാവൂർ മേഖലകളിൽ പര്യടനം നടത്തി.

ഇന്നലെ പിണറായിയും ചെന്നിത്തലയും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉൗഴമായിരുന്നു ഇന്നലെ. തോപ്പുംപടിയിലാരംഭിച്ച പര്യടനം വൈകിട്ട് കളമശേരിയിലാണ് സമാപിച്ചത്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആറിടങ്ങളിൽ പ്രസംഗിച്ചു. കുന്നത്തുനാട്ടിൽ റോഡ് ഷോയും നടത്തി.

ഇന്ന് രാജ്നാഥ് സിംഗ്

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇന്ന് ജില്ലയിലെത്തുന്നത്. വൈകിട്ട് നാലരയ്ക്ക് എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി പത്മജ എസ്.മേനോന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. റോഡ് ഷോയാണ് മുഖ്യം.

നാളെ ഉമ്മൻചാണ്ടി

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നാളെ ജില്ലയിൽ തിരക്കിട്ട പരിപാടികളാണ്. ഒമ്പത് മണ്ഡലങ്ങളിൽ പ്രസംഗിക്കും. രാവിലെ പത്തിന് പറവൂരിലാണ് ആദ്യയോഗം. പിന്നെ നായരമ്പലം (വൈപ്പിൻ), കണ്ടക്കടവ് (കൊച്ചി), ഉദയംപേരൂർ (തൃപ്പൂണിത്തുറ), ചേരാനല്ലൂർ (എറണാകുളം), ഇടപ്പള്ളി ടോൾ (കളമശേരി), അത്താണി (ആലുവ), കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ട്, വാഴക്കുളം (മൂവാറ്റുപുഴ) എന്നിവിടങ്ങളിലാണ് പരിപാടികൾ. ഇടപ്പള്ളിയിൽ റോഡ് ഷോയാണ്.

ശരത് പവാർ ചൊവ്വാഴ്ച

എൻ.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാർ ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളത്ത് എത്തുന്നത്. വൈകിട്ട് ആറിന് എറണാകുളം ടൗൺ ഹാളിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ഷാജി ജോർജിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുക.