sho

കോലഞ്ചേരി: മാറി മാറി വരുന്ന ഉത്തരവുകളിൽ വട്ടം ചുറ്റി പൊലീസുദ്യോഗസ്ഥർ. തോന്നുംപടി വരുന്ന മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ മൂലം തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസുകാരെ കണ്ടെത്താൻ എസ്.എച്ച്.ഒ മാർക്ക് 'ചാക്കുമായി ' ഇറങ്ങേണ്ട ഗതികേടാണ്. ആദ്യ ഉത്തരവിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ കണ്ടെത്താനായിരുന്നു ഉത്തരവ്. തത്പരരായവരെ കണ്ടെത്തി നൽകിയതോടെ രണ്ടാമത് മറ്റൊരു ഉത്തരവിറക്കി ഇവർ വേണ്ട പകരം നാഷ്ണൽ സർവീസ് സ്കീമിൽ പെട്ടവരെ കണ്ടെത്തണമെന്നായി. തൊട്ടടുത്ത ദിവസം അടുത്ത ഉത്തരവിറങ്ങി ഇവർ രണ്ടും പോരാ എൻ.സി.സിക്കാർ തന്നെ വേണം ഒപ്പം റിട്ടയേർഡ് സേന ഉദ്യോഗസ്ഥരും. ഇവരെ കണ്ടെത്താനായി അടുത്ത ഓട്ടം. വിവിധ സ്റ്റേഷനുകളിൽ നിന്ന് കൂട്ടയോട്ടം തുടങ്ങിയതോടെ ഒരു യൂണിറ്റിലെ എൻ.സി.സിക്കാർക്കായി പിടിവലിയാണ്. 20 നും 25 നും ഇടയിൽ സ്പെഷ്യൽ പൊലീസുകാരാണ് ഒരോ സ്റ്റേഷൻ പരിധിയിൽ വേണ്ടത്. ഇത്രയധികം എൻ.സി.സിക്കാരെ കണ്ടെത്താനാൻ കഴിയാത്തതോട‌െ ആളെ കിട്ടാനില്ല എന്ന മറുപടി മേലുദ്യോഗസ്ഥർക്ക് നൽകാനാണ് പൊലീസുകാരുടെ തീരുമാനം. സ്പെഷ്യൽ ഡ്യൂട്ടിക്കായി രണ്ടു ദിവസത്തേയ്ക്ക് ഒരു സ്പെഷ്യൽ പൊലീസുകാരന് അലവൻസടക്കം 2400 രൂപയാണ് പ്രതിഫലം.