punnala

കൊച്ചി: ജാതി സംവരണം ഇല്ലാതായേക്കുമെന്ന പരാമ‌ർശം സുപ്രീംകോടതിയിൽ നിന്നുണ്ടായതിൽ കെ.പി.എം.എസിന് ആശങ്കയുണ്ടെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാ‌‌ർ പറഞ്ഞു. സംവരണമെന്നത് പാർശ്വവത്കരിക്കപ്പെ‌ട്ടവർക്ക് വിദ്യാഭ്യാസപരമായും സാമൂഹികമായുമുള്ള പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന വിശാല കാഴ്ചപ്പാടാണ്. സാമൂഹിക പദവിയുള്ള വിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ഭരണഘടനയുടെ അന്ത:സത്ത ഇല്ലാതാക്കും.

ശബരിമല വിഷയം ഇന്ന് പ്രസക്തമല്ല. യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. എൽ.ഡി.എഫ് അതിൽ വീണുപോകുന്നു. ഒരു രാഷ്ട്രീയ ചേരി പറയുന്നു, ജയിച്ചാൽ ആചാരസംരക്ഷണ നിയമം കൊണ്ടുവരുമെന്ന്. ഇത്തരം അനാചാരങ്ങളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നവർ പരിഷ്‌കൃത സമൂഹത്തെ നയിക്കാൻ യോഗ്യരല്ല. അതുപോലെ പരിഷ്കരണപക്ഷത്ത് നിലയുറപ്പിച്ചവർ വ്യവസ്ഥകളോട് സമരസപ്പെടുന്ന നിലപാടുകളിൽ നിന്ന് മാറുകയും വേണം. ഇതെല്ലാം പരിശോധിച്ച് കെ.പി.എം.എസ് തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കും.

ആനുകൂല്യങ്ങൾ കിട്ടുംതോറും കൂടുതൽ വിർമശനങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധിക്കാൻ ശ്രമിക്കുക എൻ.എസ്.എസിന്റെ പ്രഖ്യാപിത നിലപാടാണ്. 30ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് തിരഞ്ഞെടുപ്പിലെ കെ.പി.എം.എസിന്റെ തീരുമാനം പ്രഖ്യാപിക്കും.