anni

ആലുവ: മുൻഗണനേതര വിഭാഗങ്ങൾക്ക് സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം തടഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് മനുഷ്യാവകാശ ലംഘനമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവും ദേശീയ മഹിള ഫെഡറേഷൻ പ്രസിഡന്റുമായ ആനി രാജ പറഞ്ഞു. ആലുവ മീഡിയ ക്ളബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുള്ള സുപ്രീംകോടതി പരാമർശം ന്യായീകരിക്കാനാവില്ല. കോടതി പരാമർശം ജുഡിഷ്യറിയിൽ ഫാസിസ്റ്റ് കടന്നുകയറ്റത്തിന്റെ സൂചനയാണ്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.ഐയും വനിതകൾക്ക് അർഹമായ പരിഗണന നൽകിയില്ല. ഇക്കാര്യം സി.പി.ഐ നേതൃത്വം പരിശോധിക്കണം. സ്ത്രീപക്ഷ മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നതിന്റെ ഭാഗമായിട്ടാണ് മുസ്ലിംലീഗ് പോലും ഇക്കുറി ഒരു വനിതയ്‌ക്ക് സീറ്റ് നൽകിയതെന്ന് ആനിരാജ പറഞ്ഞു. മഹിള ഫെഡറേഷൻ സംസ്ഥാന ട്രഷറർ സീത വിക്രമൻ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.