
കൊച്ചി: ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമേ ഒരു പടികൂടി കടന്ന് ജുഡിഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമപോരാട്ടത്തിന് വഴിതുറന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിലാണ് ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. ഇതിന് നിയമസാധുത ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദമുഖങ്ങൾ ശക്തമാണ്. ഇതിലൊരു തീർപ്പ് കോടതി പറയേണ്ടിവരും.
1952ലെ കമ്മിഷൻസ് ഒഫ് ഇൻക്വയറി ആക്ടിലെ സെക്ഷൻ മൂന്നു പ്രകാരമാണ് അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടും മൂന്നും പട്ടികയിൽ പറയുന്ന വിഷയങ്ങളിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാം. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെയാണ് ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചിട്ടുള്ളത്.
വാദം :
#മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരായ ഗൂഢാലോചന ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ മൂന്നാം പട്ടികയിൽ പറയുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റമാണ്.
# സംസ്ഥാനത്തെ ഒരു വിഷയത്തിലാണ് അന്വേഷണം. കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള കാര്യങ്ങളല്ല ഇത്.
# സ്വപ്നയുടെ രഹസ്യമൊഴി പുറത്തു വന്നതും സന്ദീപ് നായർ കത്തെഴുതിയതും ഗൂഢാലോചനയുമാണ് ജുഡിഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ.
# ആരൊക്കെ ഇതിലുൾപ്പെട്ടിട്ടുണ്ട്, ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെന്താണ് എന്നീ കാര്യങ്ങളിലാണ് കമ്മിഷൻ റിപ്പോർട്ട് നൽകേണ്ടത്.
# ആ നിലയ്ക്ക് ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതിൽ അപാകതയില്ല.
മറുവാദം
# കള്ളപ്പണം വെളുപ്പിക്കൽ ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ ഇ.ഡിക്കെതിരെ ജുഡിഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന് അധികാരമില്ല.
#അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്കുപോലും പരിമിതമായ അധികാരമേയുള്ളൂ.
# ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകാതെ ശരിതെറ്റുകൾ കണ്ടെത്താൻ കമ്മിഷനെ നിയോഗിക്കുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണ്.
#അന്വേഷണ ഏജൻസിയുടെ നടപടിയിൽ അപാകതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കണം.
``സർക്കാരിന്റെ പ്രഖ്യാപനം വന്നെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. കമ്മിഷന്റെ അനുമതി ലഭിച്ചാൽ ചുമതലയേൽക്കും. ഉത്തരവിറങ്ങിക്കഴിഞ്ഞിട്ടു പ്രതികരിക്കാം.
-ജസ്റ്റിസ് വി.കെ. മോഹനൻ