pin

കൊച്ചി: കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാൻ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിന് വാതിൽ തുറന്നു കൊടുത്തത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പ്രതിപക്ഷം തുറന്നു കൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കിഫ്ബിയെ തകർക്കണം, ലൈഫ് പദ്ധതി അട്ടിമറിക്കണം, ജനങ്ങൾക്കുള്ള ഭക്ഷണവും പെൻഷനും മുടക്കണം എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.

വികസനക്കുതിപ്പിന്റെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി അദ്ദേഹം ഏറ്റെടുക്കുമെന്ന് കരുതിയില്ല. വികസനത്തിന്റെ ഇന്ധനമായ കിഫ്ബിയെ തകർക്കാനാണ് യു.ഡി.എഫ് ശ്രമം.

സാമൂഹ്യ സുരക്ഷാ പെൻഷനും ഭക്ഷ്യ കിറ്റും തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നതു വിലക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പേ പെൻഷനും കിറ്റും ലഭിച്ചാൽ അവരൊക്കെ സ്വാധീനിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ധരിക്കുന്നത് ജനങ്ങളെ താഴ്‌ത്തിക്കെട്ടലല്ലേ? കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തുന്ന ജുഡിഷ്യൽ അന്വേഷണം വസ്തുതകൾ കണ്ടെത്താനുള്ള നിയമപരമായ വഴിയാണ്.

• സർക്കാർ വകുപ്പുകളിൽ ഓഡിറ്റിംഗ്

എല്ലാ വർഷവും സർക്കാർ വകുപ്പുകളിൽ ഓഡിറ്റ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി. അഞ്ചു വർഷംകൊണ്ട് എല്ലാ വകുപ്പുകളുടെയും സോഷ്യൽ ഓഡിറ്റ് പൂർത്തീകരിക്കും. 2016ന് മുമ്പുണ്ടായിരുന്ന അഴിമതിയുടെ കാലം അവസാനിപ്പിച്ചു. എല്ലാ തലങ്ങളിലും പൂർണ്ണമായി ഇല്ലാതായി എന്ന അവസ്ഥ വന്നിട്ടില്ല. വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കും. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെയും സ്വത്ത് വിവരം സുതാര്യമായി ലഭ്യമാക്കും. സോഷ്യൽ പൊലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. ഏത് പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും. എല്ലാ ബ്ലോക്കുകളിലും ഒറ്റ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാക്കും.