boats
മറൈൻ ഡ്രൈവിൽ കിടന്നു നശിക്കുന്ന ക്ലിയോപാട്ര, മിഷേൽ ബോട്ടുകൾ.

• ആധുനിക ബോട്ടുകൾ മൂന്നുവർഷമായി വെറുതേകിടന്ന് നശിക്കുന്നു

കൊച്ചി: കൊച്ചി കായലിൽ യാത്രാ സർവീസിനായി രണ്ടര കോടി രൂപയോളം മുടക്കി നിർമ്മിച്ച സർക്കാരിന്റെ രണ്ട് ആധുനിക ബോട്ടുകൾ മൂന്നുവർഷമായി ഒരു തവണ പോലും സർവീസ് നടത്താതെ കായലിൽ കിടന്ന് തുരുമ്പിക്കുന്നു.

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി) ക്ലിയോപാട്ര, മിഷേൽ എന്നീ ബോട്ടുകൾക്കാണീ ദുർഗതി.

ഇരട്ട ഹൾ ഉള്ള കട്ടാമറൈൻ ബോട്ടുകളാണിവ.

ബോട്ടു ജെട്ടികളുടെ ശോചനീയാവസ്ഥ കൊണ്ടാണ് സർവീസ് നടത്താനാവാത്തതെന്നാണ് കെ.എസ്.ഐ.എൻ.സിയുടെ വിശദീകരണം.

വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി ജെട്ടികൾ നവീകരിക്കുമ്പോൾ ഉപയോഗപ്പെടുത്താം എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതും അനിശ്ചിതമായി നീണ്ടതോടെ ബോട്ടുകൾ വെറുതെ കെട്ടിയിടേണ്ട അവസ്ഥയായി.

ക്ലിയോപാട്ര മൂന്നു വർഷം മുമ്പും മിഷേൽ രണ്ടു വർഷം മുമ്പുമാണ് കൊച്ചിയിൽ എത്തിച്ചത്. കൊവിഡിന് മുൻപ് ക്ലിയോപാട്ര കോഴിക്കോട്ടെ സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. കൊവിഡുകാലത്ത് വിനോദ സഞ്ചാര മേഖല തകർന്നപ്പോൾ ബോട്ട് തിരിച്ചെത്തിത്തിച്ചു.

മിഷേൽ ബോട്ട് വാട്ടർ മെട്രോ ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് നൽകുന്നുണ്ട്. 22.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ഹൈ സ്പീഡ് കാറ്റമറൈൻ ടൈപ്പ് എഫ്.ആർ.പി ബോട്ടുകളാണ് രണ്ടും. സീറ്റിംഗ് കപ്പാസിറ്റി 100. 20 സീറ്റുകൾ എ.സിയാണ്.

** ബോട്ടുകൾ ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്താൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഡി.ടി.പി.സിക്ക് കൈമാറാൻ കളക്ടറുമായി ചർച്ചകൾ തുടരുകയാണ്. ധാരണയായാൽ ബോട്ടുകൾ ഉടൻ കൈമാറും.

കെ.എസ്.ഐ.എൻ.സി അധികൃതർ