കൊച്ചി : നഗരത്തിലെ കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതി പ്രദേശത്ത് വഴിയോരക്കച്ചവടം അനുവദിക്കാത്ത മേഖലകൾ തിട്ടപ്പെടുത്തി ഏപ്രിൽ ഒമ്പതിനു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തെരുവു കച്ചവടക്കാരുടെ പുന:രധിവാസവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ഇതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു.
2650 വഴിയോരക്കച്ചവടക്കാരുടെ കരട് പട്ടിക തയ്യാറാക്കി നഗരസഭ ഇതിൽ പൊതുജനങ്ങൾക്കുള്ള എതിർപ്പും നിലപാടും അറിയിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് എട്ടിനു പ്രസിദ്ധീകരിച്ച ഇൗ പട്ടികയിൽ ഉൾപ്പെടാത്തവരെ കച്ചവടം നടത്താൻ അനുവദിക്കരുതെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ കരടു പട്ടികയിൽ പേരുചേർക്കാൻ ഇവർക്ക് അവസരം നൽകണം. മതിയായ രേഖകളും മറ്റും ഹാജരാക്കി ഇവർക്ക് അവകാശം ഉന്നയിക്കാൻ കഴിയും.
നഗരത്തിലെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ അരയങ്കാവ് സ്വദേശി കെ.എം. ജമാൽ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 2019 നവംബറിൽ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് അർഹരായ തെരുവു കച്ചവടക്കാരെ കണ്ടെത്താൻ നടപടി സ്വീകരിച്ചത്.
കൊച്ചി നഗരസഭ ആദ്യം സമർപ്പിച്ച പട്ടികയിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി ഡിവിഷൻ കൗൺസിലർമാർ മുഖേന പട്ടിക പുതുക്കാൻ നിർദ്ദേശിച്ചു. ഇങ്ങനെ സമർപ്പിച്ച കരടു പട്ടികയാണ് മാർച്ച് എട്ടിന് ഹൈക്കോടതി പ്രസിദ്ധീകരിച്ചത്.