election

കൊച്ചി: പ്രമുഖരെ നിയമസഭയിൽ എത്തിച്ചിട്ടുള്ള മണ്ഡലമാണ് പെരുമ്പാവൂർ. ഐക്യകേരളത്തിന്റെ ആദ്യനിയമസഭയിൽ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ താത്വികാചാര്യനായിരുന്ന പി. ഗോവിന്ദപിള്ളയാണ് (1957) പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത്. 65 ലും 67 ലും ഗോവിന്ദപിള്ളയായിരുന്നു വിജയി. 60 ലും 70 ലും കോൺഗ്രസ് പക്ഷത്തേക്ക് ചാഞ്ഞ മണ്ഡലത്തിൽ 77ലും 80 ലും സി.പി.എം വിജയിച്ചു. 82 മുതൽ 96 വരെ തുടർച്ചയായി നാലുതവണ കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചനും 2001 മുതൽ 3 തവണ സി.പി.എമ്മിലെ സാജുപോളും വിജയിച്ചു. 1970 ൽ സി.പി.എമ്മിൽ നിന്ന് പെരുമ്പാവൂർ മണ്ഡലം തിരിച്ചുപിടിച്ച കോൺഗ്രസ് നേതാവ് പി.ഐ പൗലോസിന്റെ മകനാണ് പിന്നീട് അതേമണ്ണിൽ ഇടതുമുന്നണിക്ക് ഹാട്രിക് വിജയം സമ്മാനിച്ച സാജു പോൾ.

2016 ൽ സാജു പോളിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചെടുത്ത എൽദോസ് കുന്നപ്പിള്ളിയാണ് ഇത്തവണയും യു.ഡി.എഫ് സാരഥി. സി.പി.എമ്മിന് വേരോട്ടമുള്ള മണ്ഡലമായിട്ടും കേരളകോൺഗ്രസിന് (എം) വിട്ടുനൽകിയ പെരുമ്പാവൂരിൽ ഇടതുമുന്നണിയുടെ ബാബു ജോസഫാണ് കുന്നപ്പിള്ളിയുടെ മുഖ്യ എതിരാളി. എൽദോസ് കുന്നപ്പിള്ളി പ്രസിഡന്റ് ആയിരുന്ന ജില്ല പഞ്ചായത്ത് ഭരണസമിതിയിലെ യു.ഡി.എഫ് സഹയാത്രികനും വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷനുമായിരുന്നു ബാബു ജോസഫ്. പെരുമ്പാവൂരിന്റെ മണ്ണിൽ താമര വിരിയിക്കാൻ ബി.ജെ.പി യുടെ അഡ്വ. ടി.പി. സിന്ധുമോളും എല്ലാമുന്നണികൾക്കും ബദലായി രാഷ്ട്രീയേതര വികസന പരിപ്രേക്ഷ്യവുമായി ‌ട്വന്റി20 യുടെ ചിത്ര സുകുമാരനും ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട്.

എൽദോസ് കുന്നപ്പിള്ളി

കഴിഞ്ഞ 5 വർഷത്തിനിടെ 2000 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കി. അതിനുപുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചതുൾപ്പെടെ വികസനം കാര്യത്തിൽ തന്റെ കാഴ്ചപ്പാടുകൾ നേരിട്ടറിയുന്ന പെരുമ്പാവൂരിലെ ജനങ്ങൾ രണ്ടാമൂഴത്തിന് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബാബു ജോസഫ്

ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങൾ വോട്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ തന്റെ പ്രവർത്തനങ്ങളും ജനം വിലിയിരുത്തി വോട്ടുചെയ്യും.

അഡ്വ. ടി.പി. സിന്ധുമോൾ

കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികൾക്കുള്ള അംഗീകാരം കൊച്ചി മെട്രോ പെരുമ്പാവൂരിൽ എത്തിക്കും. ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കും. തീർത്ഥാടനകേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള പ്രസാദം പദ്ധതി, വ്യവസായ ഹബ്ബ്, സ്പോർട്സ് ഹബ്ബ് തുടങ്ങി എൻ.ഡി.എയുടെ വാഗ്ദാനങ്ങൾ എല്ലാം വോട്ടാകും.

ചിത്രസുകുമാരൻ

കിഴക്കമ്പലം പഞ്ചായത്തിൽ പരീക്ഷിച്ചു വിജയിച്ച ജനകീയ ജനാധിപത്യം ട്വന്റി20-യുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. രാഷ്ട്രീയത്തിന് അധീതമായി ചിന്തിക്കുന്ന സാധാരണക്കാർ തങ്ങൾക്കൊപ്പമുണ്ടാകും.

പെരുമ്പാവൂർ നിയോജക മണ്ഡലം

പെരുമ്പാവൂർ മുനിസിപ്പാലിറ്റി, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം. 1957 മുതൽ 2016 വരെ നടന്ന 15 തിരെഞ്ഞെടുപ്പുകളിൽ 8 തവണ ഇടതുപക്ഷവും 7 തവണ കോൺഗ്രസുമാണ് വിജയിച്ചത്.

2016 ലെ വോട്ടിംഗ് നില

എൽദോസ് കുന്നപ്പിള്ളി (യു.ഡി.എഫ്) : 64285

സാജുപോൾ ( എൽ.ഡി.എഫ്.) : 57197

ഇ.എസ്. ബിജു (എൻ.ഡി.എ). : 19731