കൊച്ചി: സ്വർണക്കടത്ത് കേസടക്കം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണം നിയമവിരുദ്ധമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. അപ്രകാരമുള്ള ഏജൻസിക്കുമേൽ അന്വേഷണം നടത്താൻ സംസ്ഥാനത്തിന് അധികാരമില്ല. നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇതിലും നല്ലത് പാർട്ടി സെക്രട്ടറി അദ്ധ്യക്ഷനായ ഒരു കമ്മിഷൻ രൂപീകരിച്ച് അന്വേഷണം ഏൽപ്പിക്കുന്നതാണ്. മടിയിൽ കനമില്ലായെന്ന് മുമ്പ് പറഞ്ഞിരുന്ന മുഖ്യമന്ത്രി എന്തിനാണ് ഇപ്പോൾ ജുഡിഷ്യൽ അന്വേഷണത്തിന് മുതിർന്നത്? അത് മടിയിൽ കനമുള്ളത് കൊണ്ട് തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് നേതാക്കളുടെ പലയിടങ്ങളിലെയും ഇരട്ടവോട്ട് ഗൂഢാലോചനയുടെ ഫലമാണെന്നും ഹസൽ പറഞ്ഞു.