
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് സമനില വിട്ടൊഴിയുന്നില്ല. ഇന്നലെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിലെ ബി ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മഞ്ഞപ്പടയെ കോതമംഗലം എം.എ ഫുട്‌ബോൾ അക്കാദമി സമനിലയിൽ പൂട്ടി. 1-1.56-ാം മിനിട്ടിൽ കേരള ബ്ലാസ്‌റ്റേഴ്‌സാണ് കളിയിൽ ലീഡ് നേടിയത്. എന്നാൽ 73-ാം മിനിട്ടിൽ എം.എ അക്കാദമി തിരിച്ചടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി വി.എസ് ശ്രീകുട്ടനും, എം.എ അക്കാദമിക്കായി കെ.മുഹമ്മദ് ഫായിസും ലക്ഷ്യം കണ്ടു. ആദ്യരണ്ടു മത്സരങ്ങളിൽ ജയിച്ച എം.എ അക്കാദമിക്ക് മുന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായി. ആദ്യമത്സരം തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു പോയിന്റുമായി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ കെ.എസ്.ഇ.ബി കോവളം എഫ്.സിയെ നേരിടും.