
കൊച്ചി: ഇടതുമുന്നണി പ്രവർത്തകരിൽ ആവേശം വാനോളമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. തോപ്പുംപടി ഫിഷിംഗ് ഹാർബറിന് സമീപത്തെ സ്വകാര്യ ഗ്രൗണ്ടിലായിരുന്നു ആദ്യ സമ്മേളനം.
കൊച്ചി മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി കെ.ജെ.മാക്സിയുടെ പ്രചാരണ സമ്മേളനത്തിൽ ആയിരക്കണക്കിന് പേരാണ് എത്തിയത്. പിണറായി വന്നിറങ്ങിയതോടെ മുദ്രാവാക്യവുമായി ജനങ്ങൾ എതിരേറ്റു. കൊവിഡ് കണക്കിലെടുത്ത് ആവേശം വേണ്ടെന്നും സീറ്റുകളിലിരുന്ന് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം പ്രസംഗമദ്ധ്യേ പറഞ്ഞു. മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവിട്ട ശേഷം തൃപ്പൂണിത്തുറയിലേക്കാണ് പോയത്.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ മാണിക്കനാംപറമ്പ് ഗ്രൗണ്ടിൽ എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സർക്കാരിന്റെ നേട്ടങ്ങൾ പിണറായി വിജയൻ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു.
യോഗത്തിൽ വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ,ഏരിയ സെക്രട്ടറി വാസുദേവൻ, സി.എൻ. സുന്ദരൻ, കോൺഗ്രസിൽ നിന്ന് എൻ.സി.പി.യിലെത്തിയ പി.സി ചാക്കോ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. താനും ഇപ്പോൾ സി.പി.എമ്മുകാരനാണെന്ന് പി.സി. ചാക്കോ പ്രസംഗമദ്ധ്യേ പറഞ്ഞു.
ചെങ്കടലായി പുത്തൻ കുരിശ്
പുത്തൻകുരിശിൽ അണികളുടെ ആവേശം അണപൊട്ടി ആവോളമുയർന്നപ്പോൾ അക്ഷരാർത്ഥത്തിൽ പിണറായി വിജയൻ പങ്കെടുത്ത പൊതു സമ്മേളനം ചെങ്കടലായി.
കുന്നത്തുനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥമായിരുന്നു സമ്മേളനം. പതിനായിരം പേരെ പ്രതീക്ഷിച്ച് സംഘാടകൾ സൗകര്യങ്ങളൊരുക്കിയിരുന്നെങ്കിലും പ്രതീക്ഷകൾക്കപ്പുറം ജനങ്ങൾ ഒഴുകിയെത്തി. വേദിയിൽ ബലൂണുകളും റിബ്ബണുകളും വീശിയാണ് പ്രവർത്തകർ സ്വീകരിച്ചത്. സമ്മേളനത്തിനു മുന്നോടിയായി പുത്തൻകുരിശിൽ നിന്നും ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. മുഖ്യമന്ത്രിയുടെ വാക്കുകളെ മുദ്രാവാക്യങ്ങളും, ഹർഷാരവത്തോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്. 40മിനിറ്റ് മുഖ്യമന്ത്രി സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ, ജില്ലാക്കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ തുടങ്ങിയവർ സംസാരിച്ചു.
കോതമംഗലത്തും കളമശേരി മണ്ഡലത്തിലെ മാളികംപീടികയിലും ആയിരങ്ങൾ പങ്കെടുത്ത പ്രചാരണ യോഗങ്ങളിൽ പിണറായി വിജയൻ പ്രസംഗിച്ചു.