
കൊച്ചി : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷികളായ മൂന്നു വനിതാ പൊലീസുകാരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം കോടതി അനുമതി നൽകി. ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെയാണ് മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള തീയതിയും തുടർ നടപടികളും പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി തീരുമാനിക്കും.
2020 ആഗസ്റ്റ് 12,13 തീയതികളിൽ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇക്കാര്യം വ്യക്തമാക്കുന്ന സ്വപ്നയുടെ ഫോൺ ശബ്ദരേഖ പുറത്തു വന്നതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ഇവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്നു വനിതാ പൊലീസുകാരും മൊഴി നൽകിയിരുന്നു. തുടർന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
ഇ.ഡിയുടെ ഹർജി തീർപ്പാക്കുംമുമ്പേ നടപടി
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇൗ ഹർജിയിൽ കേസിലെ തുടർ നടപടികൾ സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നില്ല. ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയ സിംഗിൾബെഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നു നിർദ്ദേശിച്ചിരുന്നു. എന്നാൽ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ തടഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോയത്. ആദ്യഘട്ടമെന്ന നിലയ്ക്കാണ് കേസിലെ സാക്ഷികളായ വനിതാ പൊലീസുകാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.