postal-vote

കൊച്ചി : പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത ആബ്‌സെന്റീ വോട്ടർമാരുടെ തപാൽ വോട്ടിംഗ് പ്രക്രിയ 31 ന് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ആകെ 38770 പോസ്റ്റൽ വോട്ടിംഗ് അപേക്ഷകളാണ് ലഭിച്ചത്. വരണാധികാരികൾ സൂക്ഷ്മപരിശോധന നടത്തി 31473 അപേക്ഷകൾ അർഹരെന്ന് കണ്ടെത്തി. അതിൽ 2158 ഭിന്നശേഷിക്കാരും 29306 മുതിർന്ന പൗരന്മാരും മറ്റുള്ളവർ കൊവിഡ് രോഗികളുമാണ്. പോസ്റ്റൽ വോട്ടിംഗിനായി 1296 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. മൈക്രോ ഒബ്‌സർവർ, പോളിംഗ് ഓഫീസർ 1, പോളിംഗ് ഓഫീസർ 2, വീഡിയോ ഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്. പോസ്റ്റൽ ബാലറ്റ് സംഘം സഞ്ചരിക്കുന്ന റൂട്ടുമാപ്പ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകിയിട്ടുണ്ട്. 330 വാഹനങ്ങളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടിംഗ് നടപടികൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം ഉൾപ്പെടെ സുരക്ഷിതമായി വോട്ട് ചെയ്യുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിലെ വോട്ടിംഗ് 28 മുതൽ

പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസ് വിഭാഗങ്ങൾക്കായി പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. 28, 29, 30 തീയതികളിലാണ് അവശ്യസർവീസുകാരുടെ പോസ്റ്റൽ വോട്ടിംഗ് നടക്കുക. ഇതിനായി ഓരോ നോഡൽ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്.