തോപ്പുംപടി: മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രത്യേക സൈന്യമായി കണ്ട് ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തോപ്പുംപടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഇവർക്ക് പരിശീലനം നൽകും. ഓഖി, പ്രളയം തുടങ്ങിയ സാഹചര്യം ഉണ്ടായപ്പോൾ സംസ്ഥാനത്തെ നെഞ്ചോട് ചേർത്ത് നിർത്തിയത് അവരാണ്. ആഴക്കടൽ മൽസ്യബന്ധനത്തിന് നമ്മൾ എതിരാണ്. വിദേശ ട്രോളറുകൾ വന്ന് സംസ്ഥാനത്തെ മത്സ്യ കുഞ്ഞുങ്ങളെ വരെ കോരി കൊണ്ട് പോകുന്ന പ്രവണത എൽ.ഡി.എഫ് സർക്കാർ എതിർക്കും. പൗരത്വ നിയമ ഭേദഗതി ബിൽ നമ്മൾ എതിർത്തു. നന്മുടെ നാട്ടിലെ പൗരത്വം ഇല്ലാതാക്കുന്ന പ്രവണതയ എന്ത് വില കൊടുത്തും നമ്മൾ എതിർക്കും.നിലപാടാണ് പ്രധാനം.മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തോപ്പുംപടിയിൽ നടന്ന പരിപാടിയിൽ ഏരിയ സെക്രട്ടറി കെ.എം.റിയാദ് അദ്ധ്യക്ഷത വഹിച്ചു.ജോൺ ഫെർണാണ്ടസ് എം.എൽ.എ, സ്ഥാനാർത്ഥി കെ.ജെ. മാക്സി, കെ.കെ.ഭാസ്ക്കരൻ, എം.സ്വരാജ്, മേയർ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.