
കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കെ തിരഞ്ഞെടുപ്പിന്റെ ചൂടും വീറും വാശിയും മുറുകിയതോടെ പ്രചാരണതന്ത്രങ്ങൾക്ക് മൂർച്ചയേറി. വികസനം വിഷയമാക്കി ആരംഭിച്ച പ്രചാരണം രാഷ്ട്രീയച്ചൂടിലേക്ക് വഴിമാറി. അഴിമതി മുതൽ അരി വരെ നീളുന്ന വിവാദങ്ങൾ ജില്ലയിലും ചർച്ചയാകുന്നു.
സമ്മതിദായകരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ പാർട്ടികളുടെ സ്‌ക്വാഡുകൾ സജീവമായി രംഗത്തിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. ഞായറാഴ്ചയായതിനാൽ വീടുകളിൽ കുടുംബാംഗങ്ങളെ നേരിട്ടു കാണുകയായിരുന്നു സ്‌ക്വാഡുകളുടെ ലക്ഷ്യം. ഒന്നിലേറെ സ്‌ക്വാഡുകളാണ് ഇന്നലെ വീടുകളിൽ കയറിയിറങ്ങിയത്. രാവിലെ ഏഴു മുതൽ സ്‌ക്വാഡുകൾ മൂന്നു മുന്നണികളുടെയും സ്‌ക്വാസുകൾ രംഗത്തിറങ്ങി. മൂന്നും നാലും പേരടങ്ങിയ സംഘങ്ങളാണ് വീടുകളിലെത്തി വോട്ട് അഭ്യർത്ഥിച്ചത്. വൈകിട്ടും സ്‌ക്വാഡുകൾ വീടുകളിൽ കയറയിറങ്ങി.
ഒപ്പത്തിനൊപ്പം
ജില്ലയിലെ 14 മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് മുന്നണികൾ കാഴ്ചവയ്ക്കുന്നത്. വിജയം ആവർത്തിക്കാനും തിരിച്ചുപിടിക്കാനും ഇടതു, വലതു മുന്നണികൾ ജാഗ്രത പുലർത്തുന്നുണ്ട്. മുൻതവണത്തെ മേധാവിത്തം നിലനിറുത്തുകയാണ് യു.ഡി.എഫിന്റെ വെല്ലുവിളി. കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുകയും വമ്പന്മാരെ തോൽപ്പിക്കുകയും ചെയ്യുകയെന്ന പരിശ്രമത്തിലാണ് എൽ.ഡി.എഫ്. മുൻതവണത്തെക്കാൾ കൂടുതൽ വോട്ട് വിഹിതമാണ് എൻ.ഡി.എയുടെ ലക്ഷ്യം. മണ്ഡലപര്യടനത്തിന്റെ തിരക്കിലാണ് സ്ഥാനാർത്ഥികൾ. തുറന്ന വാഹനത്തിൽ സഞ്ചരിച്ച് സമ്മതിദായകരെ നേരിൽക്കാണുന്നു. രാവിലെ ആരംഭിക്കുന്ന പര്യടനം രാത്രി പത്തുവരെ നീളാറുണ്ടെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. പര്യടനം അവസാനിച്ചാൽ ചർച്ചകൾ, വിലയിരുത്തലുകൾ, അടുത്ത ദിവസത്തെ പരിപാടികളുടെ ആസൂത്രണം തുടങ്ങിയവയിലും പങ്കുചേരണം. വിശ്രമിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമണ് മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്.
രാഷ്ട്രീയം മുറുകുന്നു
വികസനത്തിൽ ഉൗന്നിയാണ് ജില്ലയിൽ പ്രചാരണം ആരംഭിച്ചത്. എൽ.ഡി.എഫ് മുന്നോട്ടുവച്ചതും വികസനമായിരുന്നു. ട്വന്റി 20, വി. ഫോർ കൊച്ചി തുടങ്ങിയ രാഷ്ട്രീയേതര സംഘടനകളും വികസനത്തിലാണ് ശ്രദ്ധ നൽകിയത്. സർക്കാർ നടപ്പാക്കിയ വികസനപദ്ധതികൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് പ്രചാരണം ആരംഭിച്ചത്. കേരളത്തിന്റെ വികസനത്തിൽ തങ്ങൾ മുൻപ് നടപ്പാക്കിയ പദ്ധതികൾ ഉൾപ്പെടെ വിവരിച്ചും ലക്ഷ്യമിടുന്നവയെപ്പറ്റിയുമാണ് യു.ഡി.എഫും തുടക്കത്തിൽ സംസാരിച്ചത്. സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു.
സമകാലികപ്രശ്നങ്ങളാണ് മൂന്നു മുന്നണികളും ജില്ലയിൽ സജീവമായ ചർച്ച ചെയ്യുന്നത്. വോട്ടർപട്ടികയിലെ ഇരട്ടിപ്പ് മുതൽ ആഴക്കടൽ മീൻപിടുത്ത കരാറും കാർഷിക മേഖലയുടെ പ്രശ്നങ്ങളും മണ്ഡലങ്ങളിൽ ചർച്ച ചെയ്യുന്നു. ഓരോ മണ്ഡലങ്ങളുടെയും സ്വഭാവം അടിസ്ഥാനമാക്കിയാണ് പ്രചാരണരീതി.
തീരദേശമേഖലകളിൽ ആഴക്കടൽ മീൻപിടുത്തം സംബന്ധിച്ച കരാർ വിഷയമാക്കി യു.ഡി.എഫും എൻ.ഡി.എയും വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. മീൻപിടുത്ത തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നതായിരുന്നു കരാർ എന്നാണ് ആരോപണം. സർക്കാരിന്റെ അറിവില്ലാതെ ഒപ്പിട്ടതാണ് കരാറെന്ന വിശദീകരണമാണ് എൽ.ഡി.എഫ് നൽകുന്നത്. കരാർ റദ്ദാക്കി മീൻപിടുത്ത തൊഴിലാളികളുടെ ഒപ്പമാണ് തങ്ങളെന്ന് തെളിയിച്ചെന്ന് അവർ വിശദീകരിക്കുന്നു. മത്സ്യമേഖലയിൽ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾ ഉയർത്തിക്കാട്ടി യു.ഡി.എഫിനെ പ്രതിരോധിക്കുന്നു.
അഴിമതി, മാഫിയ
പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയും മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തതും ജില്ലയിൽ എൽ.ഡി.എഫ് വിഷയമാക്കുന്നു. കളമശേരി കേന്ദ്രീകരിച്ച് ചില സി.പി.എം നേതാക്കൾ നടത്തിയ അഴിമതിയും മാഫിയാപ്രവർത്തനവും ഉന്നയിച്ചാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്. വാദപ്രതിവാദങ്ങൾ മുറുകിയതോടെ അഴിമതിയും സജീവ ചർച്ചാവിഷയമായി തുടരുകയാണ്.
സർക്കാരിന്റെ നടപടികൾക്കെതിരെ യു.ഡി.എഫ് തുടരുന്ന പ്രചാരണങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ എൽ.ഡി.എഫും ശ്രദ്ധിക്കുന്നു. ഇരട്ടവോട്ട് ഉന്നയിച്ച് സർക്കാരിനെതിരെ രംഗത്തുള്ള യു.ഡി.എഫിനെ അവരുടെ നേതാക്കളുടെ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കുന്നത്. കിറ്റു നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന പ്രചരണത്തെ കിറ്റും അരിയും തടയുന്നവരാണ് യു.ഡി.എഫെന്ന വാദമുയർത്തി ചെറുക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എൽ.ഡി.എഫ് നേതാക്കൾ അരി തടഞ്ഞ് അന്നം മുടക്കുന്നവരാണ് യു.ഡി.എഫെന്ന വിമർശനം ശക്തമായി ഉന്നയിച്ചിരുന്നു.
വിജയപ്രതീക്ഷയിൽ മുന്നണികൾ
കടുത്ത മത്സരമുണ്ടെന്ന് വ്യക്തമാക്കുന്ന മുന്നണി നേതാക്കൾ വിജയവും അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ ഒൻപതും നിലനിറുത്തുകയും പുതിയവ നേടുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചില മണ്ഡലങ്ങളിൽ നേതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റുകൾക്ക് പുറമെ കൂടുതൽ വിജയമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സർക്കാർ അനുകൂലവികാരം പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ. ചില മണ്ഡലങ്ങളിലെ വെല്ലുവിളികൾ നേരിടാനും എൽ.ഡി.എഫ് ശ്രമിക്കുന്നുണ്ട്. തൃപ്പൂണിത്തുറയെ സ്റ്റാർ മണ്ഡലമാക്കി കരുത്തു കാട്ടാൻ ശ്രമിക്കുകയാണ് എൻ.ഡി.എ. കൂടുതൽ വോട്ടു നേടുമെന്നതിൽ സംശയമില്ലെന്ന് നേതാക്കൾ പറയുന്നു. ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ ലക്ഷ്യമിടുന്ന വോട്ട് വർദ്ധനവിന് കഴിയുമയെന്ന ആശങ്കയും ഒരുവിഭാഗം നേതാക്കളിലുണ്ട്.