osana
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കാൻ ദേവാലയത്തിലേക്ക് എത്തുന്ന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇടവക വികാരി റവ. ഫാ. ഡേവിസ് മാടവന സമീപം.

കൊച്ചി: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആഘോഷിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുർബാനയും നടന്നു. കുരുത്തോലകളും വിതരണം ചെയ്തു.

സീറോമലബാർ സഭയുടെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.

വരാപ്പുഴ അതിരൂപത കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. സ്‌നേഹത്തിൽ അധിഷ്ഠിതമായ സമാധാനത്തിന്റെ സ്ഥാപകനാണ് ക്രിസ്തുവെന്ന് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ലോകം പലവിധത്തിലുള്ള അസമാധാനങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഓശാന ഞായർ യഥാർത്ഥ സമാധാനത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മെത്രാപ്പോലീത്തൻ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ് അരമന കത്തീഡ്രലിലും ശുശ്രൂഷയിൽ പങ്കെടുത്തു.