election-2019

അരിയെച്ചാല്ലിയുള്ള രാഷ്ട്രീയവും വിവാദവും കേരളത്തിലും പുറത്തും പുതിയ കാര്യമല്ല. അരിക്കുവേണ്ടി പട്ടിണിജാഥ നടത്തിയ എ.കെ.ജിയുടെ നാടാണ് കേരളം. ആന്ധ്രഅരി കുംഭകോണവും കേരളം മറന്നിട്ടില്ല. അരിരാഷ്ട്രീയം കുറെനാളായി ഉണ്ടായിരുന്നില്ലെന്നു മാത്രം. സ്കൂൾ കുട്ടികൾക്ക് അരി നൽകുന്നതാണല്ലോ പുതിയ പ്രശ്നം. ഏഴു മാസമായി അരി കെട്ടിക്കിടക്കുകയാണ്. സ്കൂൾ തുറക്കാത്തതിനാൽ നൽകാൻ കഴിഞ്ഞില്ല. അരി വാങ്ങാൻ കുട്ടികൾ സ്കൂളിൽ വരികയുമില്ല. തിരഞ്ഞെടുപ്പിന് മുൻപായി അരി വിതരണം ചെയ്യാൻ ശ്രമിച്ചതാണ് കുഴപ്പമായത്. സ്വഭാവികമായും അതിൽ ചട്ടലംഘനമുണ്ട്. അപ്പോൾ പ്രതിപക്ഷം രംഗത്തുവരും. അരി കൊടുക്കലായിരുന്നു ലക്ഷ്യമെങ്കിൽ നേരത്തെ തന്നെ സർക്കാരിന് ചെയ്യാമായിരുന്നു. ഒന്നോ രണ്ടോ മാസം മുൻപ് നൽകാമായിരുന്നു. അരി മുടക്കിയെന്ന് പറയുന്നതിൽ കാര്യമില്ല.

ഇ.എം.എസിന്റെയോ അച്യുതമേനോന്റെയോ കാലത്ത് നടന്നതുപോലുള്ള ഭക്ഷ്യക്ഷാമം ഇപ്പോഴില്ല. വസ്തുതയെന്തെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാവുന്നതാണല്ലോ.

ഒരു രൂപയ്ക്ക് അരികൊടുക്കൽ തമിഴ്നാട്ടിലും തെലുങ്കാനയിലും ആരംഭിച്ചതാണ്. എം.ജി.ആറാണ് ഒരു രൂപയ്ക്ക് അരി കൊടുത്തുതുടങ്ങിയത്. അന്നും അരിക്ക് ദാരിദ്ര്യമില്ല. മറ്റു വസ്തുക്കളുമായി താരതമ്യം ചെയ്താൽ അരിക്ക് വിലക്കുറവുമായിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ഒരു രൂപയ്ക്ക് അരി കേരളത്തിലും കൊണ്ടുവന്നത്. കോൺഗ്രസുകാർ അതിനെതിരെയും രംഗത്തുവന്നു. അരി കൊടുക്കുന്നതിനെയല്ല, സർക്കാരിന്റെ അവസാനകാലത്ത് നടപ്പാക്കിയതിനെയാണ് എതിർത്തത്. കോടതിയിൽ പോയ പ്രതിപക്ഷം സ്റ്റേ നേടുകയും ചെയ്തു. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതി നടപ്പാക്കി. ഒരു രൂപയുടെ അരി ജനങ്ങൾ കഴിക്കുന്നത് വളരെ കുറവാണ്. കോഴിക്ക് കൊടുക്കാനാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്.

രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും അരി വലിയ പ്രശ്നമായിരുന്നു. അക്കാലത്ത് ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപ് എ.കെ.ജിയുടെ നേതൃത്വത്തിൽ പട്ടിണിജാഥ സംഘടിപ്പിച്ചു. 'ഒരുമണി അരിപോലും കിട്ടാനില്ല, മിന്നുകൊടുത്താലും...' തുടങ്ങിയ മുദ്രാവാക്യങ്ങൾ അങ്ങനെയുണ്ടായതാണ്.

തിരുവിതാംകൂറിൽ സ്വാതന്ത്ര്യത്തിന് മുൻപ് അരിക്ക് ദാരിദ്ര്യമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് മലബാറിൽ അരി വലിയ പ്രശ്നമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ദാരിദ്ര്യം തിരുവിതാംകൂറിലേക്ക് വ്യാപിച്ചു. കന്യാകുമാരി ജില്ലയിലെ പഴയ നാഞ്ചിനാട് പ്രദേശം തമിഴ്നാട്ടിലേക്ക് പോയതാണ് കുഴപ്പമായത്. പിന്നെ കുട്ടനാടായിരുന്നു അരിയുടെ നാട്. മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകൾ ജലസേചനം ലക്ഷ്യമിട്ട് നിർമ്മിച്ചതോടെ പാലക്കാട്ടും നെൽകൃഷി വർദ്ധിച്ചു.

ആന്ധ്ര അരി കുംഭകോണമൊക്കെ മറക്കാനാവില്ല. അരിക്ക് പകരം മാക്രോണി ഉപയോഗിക്കണമെന്ന് മന്ത്രിയായിരുന്ന എ.പി. ജോർജ് ആവശ്യപ്പെട്ടു. അദ്ദേഹത്തെ മാക്രോണി മന്ത്രിയെന്ന് വിളിച്ചു. 'ഭഗവാൻ മാക്രോണി' എന്നൊരുന്ന കഥാപ്രസംഗവും ആലപ്പുഴ കെ.എസ്. രാജൻ എന്ന കാഥികൻ തയ്യാറാക്കി. വിമോചനസമരകാലത്ത് ഈ കഥാപ്രസംഗം യോഗങ്ങളിലെ പതിവ് ഇനമായിരുന്നു.

അറുപതുകളിൽ ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തും അരി പ്രശ്നമായിരുന്നു. അരിക്ഷാമം 1974-75 വരെ നീണ്ടു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുൻപാണ് ഹരിതവിപ്ളവം വിജയിക്കുന്നത്. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ് ഹരിതവിപ്ളവം തുടങ്ങിവച്ചത്. ഇപ്പോൾ പലരും അദ്ദേഹത്തെ ഓർക്കാറില്ല. അദ്ദേഹം പ്രധാനമന്ത്രിയും പി. സുബ്രഹ്മണ്യം കൃഷിമന്ത്രിയുമായിരുന്ന കാലത്ത് എം.എസ്. സ്വാമിനാഥനും ചേർന്നാണ് ഹരിതവിപ്ളവം ആസൂത്രണം ചെയ്തത്. 'ജയ് ജവാൻ, ജയ് കിസാൻ' മുദ്രാവാക്യം അന്നുണ്ടായതാണ്. ഇന്ദിരാഗാന്ധിയും അത് തുടർന്നു. 1974-75 കാലത്ത് ഭക്ഷ്യകാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി.

ആന്ധ്രപ്രദേശിൽ കൃഷിയുള്ളിടത്തോളം കാലം കേരളത്തിന് പേടിക്കാനില്ല. ഈസ്റ്റ് ഗോദാവരി ജില്ലയിലെ അരി മതി കേരളത്തിലെ മൊത്തം ജനങ്ങൾക്ക് കഴിക്കാൻ. അരിയിപ്പോൾ സുലഭമാണ്. കൊവിഡ് കാലത്ത് അരിയും കിറ്റും പ്രയോജനം ചെയ്തു. കൊവിഡ് കാലത്ത് തൊഴിൽ കുറഞ്ഞു. വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. പ്രവർത്തിച്ചാലും വരുമാനം വലിയതോതിൽ കുറഞ്ഞു. പണിക്കാർക്ക് കൂലി കുറഞ്ഞു. എല്ലാവർക്കും വരുമാനം കുറഞ്ഞത് സാമ്പത്തികമാന്ദ്യമുണ്ടാക്കി. അക്കാലത്ത് നൽകിയ അരിയും കിറ്റും ജനങ്ങൾക്ക് വലിയ സഹായമായി.