drunk

കോലഞ്ചേരി: കുടിയന്മാരെ 'കുരിശിലാക്കി ' തിരഞ്ഞെടുപ്പും ഈസ്റ്ററും. തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാൻ ചുമതലപ്പെട്ട പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും വെട്ടിലായി. ഏപ്രിൽ ഒന്നു മുതൽ തുടങ്ങുന്ന നീണ്ട അവധിയിൽ എന്തു ചെയ്യുമെന്നോർത്ത് ആധിയിലാണവർ. ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് ജില്ലയിലെ പ്രീമിയം വില്പനശാലകൾക്ക് പൂട്ടു വീണതോടെ ബീവറേജസിലെ മറ്റ് കൗണ്ടറുകളിൽ മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമാണ് കുപ്പി കിട്ടുന്നത്. ഏപ്രിൽ 1 ന് സ്വഭാവികമായി ഷോപ്പുകൾക്ക് അവധിയാണ്. രണ്ട് ദുഃഖവെള്ളിയാണ്, തിരഞ്ഞെടുപ്പ് തലേദിവസം കണക്കാക്കി 5 നും , തിരഞ്ഞെടുപ്പിന്റെ പോളിംഗ് തീരും വരെ 6 നും ഷോപ്പുകൾ തുറക്കില്ല. 4 ന് ഈസ്റ്റർ ദിനത്തിൽ വൈകിട്ട് 5 ന് ഷോപ്പുകൾ അടയ്ക്കും. ആഘോഷങ്ങൾ തുടങ്ങുന്ന മാസത്തിന്റെ ആദ്യ ആഴ്ചയിൽ 4 ദിവസമാണ് അവധി. അവധി മുന്നിൽ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വച്ചാൽ തിരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പിടിവീഴും. ഒരാൾക്ക് സൂക്ഷിക്കാവുന്ന പരമാവധിയായ 3 ലിറ്ററിൽ കൂടുതൽ വാങ്ങിയാൽ കുപ്പിയും പോകും അകത്തുമാകും. റോഡുകളിലാകമാനം പരിശോധന കർശനമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് സ്ക്വാഡ്.

ബൂത്തുകളിലേയ്ക്ക് എത്തേണ്ട 'വിഹിതം' നേരത്തെ എത്തിയതോടെ രാഷ്‌ട്രീയപ്പാർട്ടികൾക്ക് പണത്തിന്റെ കാര്യത്തിൽ പ്രശ്നമില്ല. മദ്യമാണ് കിട്ടാക്കനിയായത്. മദ്യം ലഭിക്കാത്ത തീയതികൾ കണക്കാക്കി സോഷ്യൽ മീഡിയയിൽ 'സേവ് ദി ഡേറ്റ് ' എന്ന പേരിൽ കാമ്പയിനും കുടിയന്മാർ തുടങ്ങി കഴിഞ്ഞു.