
കൊച്ചി: നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും, വഴങ്ങാത്തതിനാൽ ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളേജിൽ വാഗ്ദാനം ചെയ്തിരുന്ന ജോലി നിഷേധിച്ചെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കഴിഞ്ഞ ഡിസംബർ 16ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഇ.ഡി. ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴിയാണ് പുറത്തുവന്നത്.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജിയിൽ ഇൗ മൊഴിയും ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.
മൊഴി ഇങ്ങനെ
വളരെക്കുറച്ചു കാലമേ സ്പീക്കർ പദവിയുണ്ടാകൂവെന്നും ,അതിനിടെ സമ്പാദ്യമുണ്ടാക്കുന്ന
കാര്യം യു.എ.ഇ കോൺസൽ ജനറലിനോടു പറയണമെന്നും ശ്രീരാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. കോൺസൽ ജനറലിനെ പരിചയപ്പെടുത്തിക്കൊടുത്തു. പലതവണ ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാനും ഭർത്താവ് ജയശങ്കറും ശിവശങ്കറിനൊപ്പം അത്താഴത്തിനു ചെന്നപ്പോൾ മിഡിൽ ഇൗസ്റ്റ് കോളേജിൽ എന്നെ നിയമിക്കണമെന്ന് ശിവശങ്കർ പറഞ്ഞത് ശ്രീരാമകൃഷ്ണൻ സമ്മതിച്ചു.
രണ്ടുതവണ പേട്ടയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്റെ ഒളിത്താവളമാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഒരിക്കൽ സരിത്തിനൊപ്പം അവിടെ പോയിരുന്നു.അദ്ദേഹത്തിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ മിഡിൽ ഇൗസ്റ്റ് കോളേജിൽ എന്നെ നിയമിക്കുന്ന നടപടി ഉപേക്ഷിച്ചു.
ഒരു ദിവസം സരിത്തുമായി പേട്ടയിലെ ഫ്ളാറ്റിലെത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ഞാനും ഭർത്താവും സരിത്തിനൊപ്പം പോയി. കോൺസൽ ജനറലിനു നൽകാൻ ഒരു പായ്ക്കറ്റടങ്ങിയ ബാഗ് സരിത്തിനെ ഏല്പിച്ചു. പേട്ടയിലെ ഫ്ളാറ്റ് മറ്റാരുടെയോ പേരിലാണെങ്കിലും തന്റെേതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സന്ദീപിന്റെ 'കാർബൺ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു ഫോണിൽ ക്ഷണിച്ചപ്പോൾ സൗജന്യമായി ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. സന്ദീപും സരിത്തും വില കൂടിയ വാച്ച് സമ്മാനമായി നൽകിയശേഷമാണ് വന്നത്. സ്റ്റാർട്ട് അപ്പ് മിഷനിലൂടെ സന്ദീപിന്റെ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ശിവശങ്കറിനോട് ആവശ്യപ്പെട്ടു. ചില കെ.എസ്.ആർ.ടി.സി ബസുകൾ സൗജന്യമായി ഡീ-കാർബണൈസ് ചെയ്യാനും അതുവഴി മുഴുവൻ ബസിനുമുള്ള കരാർ തരപ്പെടുത്താനും പദ്ധതിയിട്ടു.
മൊഴിരൂപത്തിൽ വ്യാജ പ്രചാരണം: സ്പീക്കർ
തിരുവനന്തപുരം:മൊഴിയെന്ന രൂപത്തിൽ എന്ത് തോന്ന്യാസവും എഴുതിപിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഫ്ളാറ്റിലേക്ക് സ്വപ്നയെ ദുരുദ്ദേശ്യത്തോടെ വിളിച്ചെന്ന മൊഴിക്കെതിരെ ഫേസ് ബുക്കിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. കള്ളക്കടത്ത് കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കാൻ സർക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ 'മൊഴികൾ' ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല. അതിനെ എല്ലാ തരത്തിലും നേരിടും. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതാണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും പ്രവർത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരളം അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്പീക്കർ പറഞ്ഞു.