vellappalli

(യോഗനാദം ഏപ്രി​ൽ ഒന്ന് ലക്കം എഡി​റ്റോറി​യൽ)

ജാതിയുടെ പേരിൽ എത്രയോ തലമുറകൾ പുഴുക്കളെപ്പോലെ ജീവിച്ച രാജ്യമാണ് ഭാരതം. പഠിക്കാൻ, തൊഴിലെടുക്കാൻ, വഴിനടക്കാൻ, വസ്ത്രം ധരിക്കാൻ, ഇഷ്ടദൈവത്തെ പ്രാർത്ഥിക്കാൻ, എന്തിന് കുടിവെള്ളത്തിന് പോലും ജാതിയുടെ പേരിൽ വിവേചനമനുഭവിച്ച ജനതതി ലോകത്ത് വേറെ എവിടെങ്കിലും ഉണ്ടായിട്ടുണ്ടോ.

സംവരണം ഒന്നുകൊണ്ടു മാത്രമാണ് രാജ്യത്തെ ജനസംഖ്യയുടെ നാലിൽ മൂന്നുഭാഗം വരുന്ന പട്ടികജാതി​, പട്ടി​കവർഗ, പിന്നാക്ക വിഭാഗക്കാർ മുഖ്യധാരയിലേക്ക് പേരിനെങ്കിലും കടന്നുവന്നത്. കേന്ദ്ര സർവീസിൽ പിന്നാക്ക സംവരണം ആരംഭിച്ചത് തന്നെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന് ശേഷമാണെന്ന കാര്യം സാമ്പത്തിക സംവരണവാദികൾ സൗകര്യപൂർവം മറക്കുകയാണ്.

ജാതിസംവരണം ലക്ഷ്യമിടുന്നത് സാമൂഹിക മാറ്റമാണ്. ഒരിക്കലും സാമ്പത്തിക മാറ്റത്തിന് വേണ്ടിയുള്ള സംവിധാനമല്ലിത്. ജാതിഭേദം ദരിദ്രനും ധനികനും ഒരുപോലെ ബാധകമാണ്. രണ്ടായാലും താഴ്ന്ന ജാതിക്കാരൻ താഴ്ന്ന ജാതിക്കാരനും ഉയർന്ന ജാതിക്കാരൻ ഉയർന്ന ജാതിക്കാരനുമാണ്. ദരിദ്രന് ധനികനാകാം, പക്ഷേ താഴ്ന്ന ജാതിക്കാരന് ഉയർന്ന ജാതിക്കാരനാകാൻ കഴിയില്ല. ജാതിയുടെ പേരിൽ അവർ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് ഇന്നും അറുതിയായിട്ടില്ല. അതുകൊണ്ടാണ് ശബരിമലയിലെയോ, ഗുരുവായൂരിലെയോ, പത്മനാഭസ്വാമി ക്ഷേത്രത്തിലെയോ ശ്രീകോവിലുകളിൽ ഒരു പിന്നാക്കക്കാരനോ പട്ടികജാതിക്കാരനോ കീഴ്ശാന്തിയായി പോലും കയറാൻ സാധിക്കാത്തത്, കേരളത്തിലുൾപ്പടെ ദുരഭിമാനക്കൊലകൾ നടക്കുന്നത്.

ഈ പശ്ചാത്തലം നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയി​ൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളിൽ ആശങ്ക ഉയർത്തുന്ന അഭിപ്രായ പ്രകടനം ഉണ്ടായത്. രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുകയെന്നുമുള്ള ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളെ മുൾമുനയിൽ നിറുത്തുന്നതാണ്.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും കേരളത്തിലെ ഇടതുപക്ഷ സർക്കാരും സാമ്പത്തിക സംവരണവാദികളാകുമ്പോൾ ഈ പരാമർശം നിർണായകവുമാണ്. രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം കൊണ്ടുവന്നത് പരസ്പര വൈരികളായ ഈ രണ്ട് സർക്കാരുകളുമാണെന്ന കാര്യം മറക്കാവുന്നതുമല്ലല്ലോ.

പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തെക്കാൾ സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന വാദം പുരോഗമനപരമാണെന്ന് കരുതുന്നവർ അന്വേഷി​ക്കേണ്ട പ്രധാന കാര്യം ജനസംഖ്യാനുപാതികമായ പങ്കാളിത്തം സർക്കാർ പദവികളിലും തൊഴിലുകളിലും പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ്. അത് ഉണ്ടായിട്ടില്ല. ആ സത്യത്തിന് നേർക്ക് കണ്ണടച്ച് സാമ്പത്തിക സംവരണം കൊണ്ടുവരാൻ ശ്രമിക്കുന്നവർ സാമൂഹ്യനീതിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. മറിച്ച് തെളിയിക്കാൻ ആധികാരികമായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. എന്തിന് ജാതി സെൻസസ് പോലും ഇതുവരെ രാജ്യത്ത് നടത്തിയിട്ടില്ല. ഇതൊന്നും ചെയ്യാതെ സാമ്പത്തിക സംവരണത്തി​നായി​ വാദി​ക്കുന്നത് അനീതി​യാണ്.

ആധുനിക സാങ്കേതികതയുടെ കാലത്ത് തൊഴിലവസരങ്ങൾ കുറഞ്ഞുവരുമ്പോഴും ഇന്ത്യയിലിന്നും പ്രധാന തൊഴിൽദാതാവ് സർക്കാരുകൾ തന്നെ. സർക്കാർ ഉദ്യോഗങ്ങളിൽ ജാതി പ്രാതിനിധ്യത്തിന്റെ വിശദമായ ഒരു കണക്കെടുപ്പ് നിഷ്പ്രയാസം സാധിക്കും. അത് ചെയ്യാതെ നിയമ, ഭരണ സംവിധാനങ്ങൾ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് അഭിലഷണീയമല്ല. ജാതി സംവരണം ഇഷ്ടപ്പെടുന്നവരല്ല അധികാരക്കസേരകളിൽ ഇരിക്കുന്നവരിൽ ഏറിയ പങ്കും. വിശേഷിച്ച് കേരളത്തിൽ. സാമ്പത്തിക സംവരണനീക്കങ്ങളെ അവരെല്ലാം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് ഭരണഘടനാ ഭേദഗതിക്ക് മുമ്പ്, ഇന്ത്യയിലാദ്യമായി കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്.

അനാദികാലം സംവരണം വേണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ പൂർവികരെ ചവിട്ടിതേച്ചതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ഭരണകേന്ദ്രങ്ങളി​ലെ അധികാര കസേരകളിൽ അർഹമായ പങ്കാളിത്തം മാത്രമേ ചോദി​ക്കുന്നുള്ളൂ.
സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംവരണം ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് ഉത്തരവാദികൾ ഗുണഭോക്താക്കളായ പാവപ്പെട്ട പിന്നാക്ക വിഭാഗങ്ങളല്ല. മാറിമാറി വന്ന സർക്കാരുകളാണ്. ദാരിദ്ര്യത്തിന് ജാതിയില്ലെങ്കിലും ജാതിക്ക് ദാരിദ്ര്യമുണ്ട്. പിന്നാക്ക വിഭാഗങ്ങൾ കോളനികളിൽ പാർക്കുന്നതും തൊഴിലുറപ്പു പദ്ധതികൾക്ക് നടക്കുന്നതും കൂലിപ്പണിക്ക് പോകുന്നതും അതുകൊണ്ടാണ്. സർക്കാർ ഉദ്യോഗത്തെ പണം കി​ട്ടുന്ന വെറും ജോലി​യായി​ കണക്കാക്കുന്നത് പി​ന്നാക്കക്കാരെ വഞ്ചി​ക്കാനുള്ള തന്ത്രമാണ്. പട്ടികജാതി​, പട്ടി​കവർഗ, പി​ന്നാക്ക സമുദായങ്ങളെ ഇനി​യുള്ള കാലവും പടി​ക്ക് പുറത്ത് നി​റുത്താമെന്ന് കരുതരുത്.

സർക്കാർ സർവീസുകളിൽ കൃത്യമായ കണക്കെടുപ്പ് നടത്തി ജനസംഖ്യാനുപാതികമായ ഏറ്റക്കുറവുകൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സവർണ ജാതിക്കാർക്ക് നാമാരും എതിരല്ല. അവരിലെ ദരിദ്രരെ സർക്കാർ സഹായിക്കുകയും വേണം. ജനസംഖ്യാനുപാതം നോക്കാതെ സാമ്പത്തിക സംവരണം ഏർപ്പെടുത്തി സർക്കാർ പദവികളിൽ അവരെ അധി​കമായി​ നിയമിക്കുകയല്ല നീതി. മറ്റ് സഹായ പദ്ധതി​കൾ ആവിഷ്കരിക്കുകയാണ് ചെയ്യേണ്ടത്.

എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ ലക്ഷ്യം ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ട ജാതി​ഭേദവും മതദ്വേഷവുമി​ല്ലാത്ത സമൂഹസൃഷ്ടി​യാണ്. ആ ലക്ഷ്യത്തി​ലേക്ക് എത്തണമെങ്കി​ൽ സാമ്പത്തി​ക സമത്വം പോലെ തന്നെ സാമൂഹി​ക സമത്വവും അനി​വാര്യമാണ്.