
കൊച്ചി: എറണാകുളം മണ്ഡലത്തിലെ എളമക്കരയിലും പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നതായി ഹൈബി ഈഡൻ എം.പി ആരോപിച്ചു. ബൂത്തുപിടിച്ചെടുക്കുന്ന സി.പി.എമ്മിന്റെ കണ്ണൂർ മാതൃകയുടെ പുതിയ പതിപ്പാണ് എളമക്കരയിൽ അരങ്ങേറിയതെന്നും ഡി.സി.സി. ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഹൈബി പറഞ്ഞു. 12 ഡി. ഫോം പൂരിപ്പിച്ച് നൽകിയ 80 വയസിന് മുകളിലുള്ള എളമക്കരയിലെ വോട്ടർമാരുടെ വീട്ടിൽ പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും രണ്ട് പ്രാദേശിക സി.പി.എം നേതാക്കളും മാത്രമാണ് ബാലറ്റ് സ്വീകരിക്കാൻ പോയത്. പൊലീസ് ഉൾപ്പെടെ പോളിംഗ് ഉദ്യോഗസ്ഥരും വീഡിയോഗ്രഫറും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുമാണ് വീടുകളിൽ പോയി ബാലറ്റ് സ്വീകരിക്കേണ്ടത്. എളമക്കരയിൽ മറ്റ് പാർട്ടിക്കാരെയോ സ്ഥാനാർത്ഥികളെയോ അറിയിക്കാതെ സി.പി.എം പ്രവർത്തകരെ മാത്രം ഉദ്യോഗസ്ഥർ ഒപ്പം കൂട്ടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പെട്ട യു.ഡി.എഫ് പ്രവർത്തകർ ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. കഴിഞ്ഞദിവസം പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എയും സമാനമായ പരാതി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥിയും ജില്ലയിലെ ചീഫ് ഇലക്ഷൻ ഏജന്റും പരാതി നൽകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.