തൃക്കാക്കര: പതിമൂന്നുകാരി വൈഗയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ യഥാർത്ഥത്തിൽ കങ്ങരപ്പടിയിൽ ഒളിച്ചുതാമസിക്കുകയായിരുന്നെന്ന് വ്യക്തമായി.

പൂനെയിൽ മെറ്റൽ, ലെയ്‌ത്ത് ബിസിനസ് നടത്തിയിരുന്ന സാനു അവിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയാണ് അഞ്ചരവർഷം മുമ്പ് കേരളത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരക്കൊഴിഞ്ഞ പ്രദേശമായ കങ്ങരപ്പടിയിൽ മുഴുവൻ തുകയും നൽകി ഭാര്യ രമ്യയുടെ പേരിൽ ഫ്‌ളാറ്റ് വാങ്ങി ഒളിച്ചു കഴിയുകയാരുന്നു. തുടർന്ന് ഇന്റീരിയർ ഡിസൈൻ സ്ഥാപനം ആരംഭിച്ചു. താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചുപേരുൾപ്പെടെ പതിനഞ്ചോളം പേരിൽ നിന്ന് വൻതുക കടം വാങ്ങിയിരുന്നു. ഇന്റീരിയർ ജോലി ചെയ്തുകൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്തു വാങ്ങിയതും ഇതിലുൾപ്പെടും.

വൈഗയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിലാണ് കണ്ടെത്തിയത്. സാനു ഉപയോഗിച്ചിരുന്ന കെ.എൽ.7 സി​.ക്യു.8571 ഫോക്സ് വാഗൺ​ കാർ വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തിയിരുന്നു.

രേഖാചിത്രം പുറത്തിറക്കി

സാനു വേഷംമാറി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ വിവിധ രൂപങ്ങളിലുള്ള രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഭാര്യ രമ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.