കൊച്ചി: ഉദയംപേരൂർ കള്ളനോട്ട് കേസിലെ മൂന്നാം പ്രതിയും കൊല്ലം പന്മന സ്വദേശിയുമായ വിദ്യാദരനെ കുടുക്കിയത് ബിവറേജസ് ഷോപ്പ്. കൈയിൽ പതിനായിരങ്ങൾ വന്നുചേർന്ന വിദ്യാദരൻ തന്റെ അടുത്ത സുഹൃത്തിന് മദ്യപിക്കാൻ 2000 രൂപ 'ഫ്രീയായി'നൽകിയിരുന്നു. സുഹൃത്ത് ഈ 2000 രൂപയുമായി കരുനാഗപ്പള്ളിയിലെ ബീവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി. നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു.
തൊട്ടടുത്ത ദിവസം പൊലീസ് സുഹൃത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞ വിദ്യാദരൻ കൈവശുമുണ്ടായിരുന്ന കള്ളനോട്ടെല്ലാം കത്തിച്ചു. സുഹൃത്തിന്റെ മൊഴിയെ തുടർന്ന് വിദ്യാദരനെ ചോദ്യം ചെയ്തെങ്കിലും കൈമാറി കിട്ടിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ വീട് അരിച്ചുപെറുക്കിയ പൊലീസിന് പുസ്തകത്തിൽ നിന്ന് രണ്ടായിരത്തിന്റെ ഒരു നോട്ട് ലഭിച്ചത് പാരയാകുകയായിരുന്നു. വിദ്യാദരനിൽ നിന്ന് കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദയംപേരൂർ പൊലീസ് ഇന്നലെ പ്രിയനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അതേസമയം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
500 കൊടുത്താൽ 2000 കിട്ടും
500 രൂപ നൽകിയാൽ 2000 രൂപയുടെ കള്ളനോട്ട് നൽകുന്നതാണ് കോയമ്പത്തൂർ സംഘത്തിന്റെ രീതി. പ്രിയൻ ഒന്നര ലക്ഷം രൂപ നൽകിയെങ്കിലും കിട്ടിയത് 2,10,000 മാത്രമാണ്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായെങ്കിലും കൂടുതൽ പണം കിട്ടിയ സന്തോഷത്തിൽ കേരളത്തിലേക്ക് മടങ്ങി. ധന്യയ്ക്ക് നൽകിയ 40000 രൂപ എവിടെയെല്ലാം ചെലവഴിച്ചെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കോയമ്പത്തൂരെത്തിച്ച് തെളിവെടുക്കും. തൃശൂർ സ്വദേശിവഴി കള്ളനോട്ട് കേരളത്തിൽ ഒഴുകിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.