anwar-sadath-mla
ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് വോട്ടഭ്യർത്ഥിക്കുന്നു

നെടുമ്പാശേരി: കുടുംബസംഗമങ്ങളുമായി ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ നാലാം ഘട്ട പ്രചരണം തുടങ്ങി. ഓശാന ഞായറായതിനാൽ ഇന്നലെ സ്ഥാനാർത്ഥി പര്യടനം ഉണ്ടായില്ല. നെടുമ്പാശേരി, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.

കൂടാതെ കാഞ്ഞൂർ പഞ്ചായത്തിലെ തറനിലം കോളനി, തിരുനാരായണപുരം കോളനി, ദേശം കുന്നുംപുറം എന്നിവിടങ്ങൾ സന്ദർശിച്ചു. കിഴക്കേ ദേശം ശ്രീ ധർമ്മ ശാസ്താ അംമ്പലത്തിലെ ഉത്ര ഊട്ടിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ആലുവ നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം ബൂത്തുകളിലും കുടുംബസംഗമങ്ങൾ നടക്കും.ഇന്ന് വൈകിട്ട് നാലിന് അത്താണിയിൽ നടക്കുന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി പര്യടനം ഇന്ന് ശ്രീമൂലനഗരത്ത് നടക്കും.

ഷെർന നിഷാദ് ശ്രീമൂലനഗരത്തിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെർന നിഷാദ് ശ്രീമൂലനഗരം പഞ്ചായത്തിൽ പര്യടനം നടത്തി. പടിയംകുന്നിൽ നിന്നും തുടങ്ങിയ പര്യടനം ശ്രീമൂലനഗരത്ത് സമാപിച്ചു ഇതിനിടെ ഷെൽന നിഷാദ് കല്യാണ ചടങ്ങുകളിലും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ ടി.വി.രാജൻ, എം.പി.അബു, എൻ.സി.ഉഷാകുമാരി, ടി.കെ. സന്തോഷ്, പി. മനോഹരൻ, മുരളി പുത്തൻവേലി, പി.എം.റഷീദ്, പി.കെ. ബാബു, ഷീല പൗലോസ് എന്നിവർ സംസാരിച്ചു.

ഗൃഹ സമ്പർക്കവുമായി എം.എൻ.ഗോപി

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി ഗൃഹസമ്പർക്കത്തിലും കുടുംബയോഗങ്ങളിലും ഇന്നലെ സജീവമായി. നെടുമ്പാശേരിയിലെ 12 -ാം ബൂത്തിലെ വീടുകളിൽ വോട്ടഭ്യർത്ഥിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജിനു വിശ്വംഭരനും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി. ദേശം ധർമ്മശാസ്ത ക്ഷേത്രത്തിലെ പ്രസാദ ഊട്ടിലും പങ്കെടുത്തു.

തുടർന്ന് ചൂർണ്ണിക്കര, എടത്തല, കീഴ്മാട് എന്നീ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും മുൻകാല സഹപ്രവർത്തകരേയും സന്ദർശിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ്, വൈശാഖ് രവീന്ദ്രൻ, ജയപ്രകാശ്, എം.യു. ഗോപുകൃഷ്ണൻ, സിദ്ധാർത്ഥൻ അശോക, ശ്രീകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് കാഞ്ഞൂരിൽ പര്യടനം നടത്തും.