കൊച്ചി: വേനൽ കടുത്തതോടെ പഴ വിപണി സജീവമായി. ഓറഞ്ചും, മുന്തിരിയും തണ്ണിമത്തനുമൊക്കെയായി വഴിയോര കച്ചവടമുൾപ്പെടെ മൊത്തവിൽപ്പനയിലും വൻ കുതിപ്പ് തുടരുകയാണ്. സമീപകാലത്തെ ഏറ്റവുമധികം ചൂട് അുഭവപ്പെടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകും. കൊവിഡിനെ തുടർന്ന് തരിപ്പണമായ വിപണിയിൽ കാര്യമായ ഉണർവുണ്ടെന്നു വ്യാപാരികൾ പറയുന്നു. അതേസമയം ഉത്പാദനം കുറവായത് മൂലം മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോഡുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല.
ആപ്പിൾ വിപണിയിൽ ഗ്രീൻ ആപ്പിളും ഇറ്റലിയിൽ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം. 220 രൂപയാണ് വില. തുർക്കിയിൽ നിന്നെത്തുന്ന റെഡ് ആപ്പിൾ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തം കശ്മീർ ആപ്പിൾ 180 രൂപയുമാണ് വില. ഓറഞ്ചിന് ചൂട് കനത്തതോടെ വിലയും ഉയർന്നു. നിലവിൽ രാജസ്ഥാൻ ഓറഞ്ചാണ് കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. കിലോയ്ക്ക് 80 മുതൽ 110 രൂപ വരെയാണ് നിലവിലെ വില. ഉത്പാദനത്തിലെ കുറവ് വിപണിയെ വരും ദിവസങ്ങളിൽ ബാധിച്ചേക്കും. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരിക്കാണ് ആവശ്യക്കാർ അധികവും. 120 രൂപ മുതൽ 140 രൂപ വരെയാണ് വില. എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. മുൻ വർഷങ്ങളിൽ വേനൽക്കാലത്ത് സുലഭമായിരുന്ന മാങ്ങക്ക് ഇക്കുറി ക്ഷാമമുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ഉൾപ്പെടെയുള്ള പഴങ്ങൾ വളരെ വേഗത്തിൽ നശിച്ച് പോകുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.
പഴങ്ങൾ --- വില ( കി.ഗ്രാം)
പച്ച മുന്തിരി 100
ജ്യൂസ് മുന്തിരി 60
തണ്ണിമത്തൻ 20
പേരയ്ക്ക 80
പപ്പായ 40
പൈനാപ്പിൾ 40,
ഷമാം 60