തോപ്പുംപടി: വിജയം കൈവരിച്ചാൽ ചെല്ലാനത്ത് 17 കി.മീ നീളത്തിൽ 178 കോടി രൂപാ മുടക്കി വിദേശസഹായത്തോടെ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കുമെന്ന് കൊച്ചി മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണി കേരളകൗമുദിയോട് പറഞ്ഞു. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. കൂടാതെ മാലിന്യ സംസ്കരണം, തെരുവ് നായ ശല്യം, ഫോർട്ട് കൊച്ചി ബീച്ച് നവീകരണം, വനിതകൾക്ക് സൗജന്യമായി കൈതൊഴിൽ പരിശീലനം, നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഇവയെല്ലാം തന്റെ സ്വപ്ന പദ്ധതികളാണ്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ പാർട്ടി ഒരാളുടെ കൈയിൽ നിന്നും സംഭാവനകളോ പാരിതോഷികങ്ങളോ സ്വീകരിക്കാറില്ല. രാഷ്ട്രീയം ഒരിക്കലും ഒരു തൊഴിലായി കാണരുത്. അതിനായി സേവനത്തോടൊപ്പം തൊഴിലിൽ ഏർപ്പെടണം. സർക്കാർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കിട്ടുന്ന പെട്രോൾ അലവൻസ് വരെ പാവപ്പെട്ട ജനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. ഞായറാഴ്ച കൊച്ചി മണ്ഡലത്തിൽ വാഹനറാലി പൂർത്തിയാക്കി. ഇന്നലെ ജനങ്ങൾ തിങ്ങിപാർക്കുന്ന മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.