rajyasabha

കൊച്ചി: കേരളത്തിൽ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക് നിയമം അനുശാസിക്കുന്ന സമയത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നും, തീയതി ഉടൻ തീരുമാനിക്കുമെന്നും ഇലക്ഷൻ കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇന്നു വിശദീകരണ പത്രിക നൽകാമെന്നും അറിയിച്ചതോടെ, രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികൾ ജസ്റ്റിസ് പി.വി. ആശ ഇന്നു വൈകിട്ട് പരിഗണിക്കാൻ മാറ്റി.

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 ന് കഴിയാനിരിക്കെ, ഏപ്രിൽ 12 ന് തിരഞ്ഞെടുപ്പു നടത്താൻ കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നു. നിയമസഭയുടെ കാലാവധി മേയ് വരെയുള്ളതിനാൽ ഇപ്പോഴുള്ള എം.എൽ.എമാരുടെ വോട്ട് അടിസ്ഥാനമാക്കി രാജ്യസഭാ തിരഞ്ഞെടുപ്പു നടത്താൻ നിയമപ്രകാരം തടസമില്ല. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര നിയമ മന്ത്രാലയം സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പു മരവിപ്പിച്ച് ഇലക്ഷൻ കമ്മിഷൻ മാർച്ച് 24 ന് ഉത്തരവിറക്കി.

രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുംമുമ്പ് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ചട്ടമെന്നും, ഏപ്രിൽ 21 ന് മുമ്പ് ഇലക്ഷൻ നടത്താൻ കമ്മിഷന് ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും നിയമസഭാ സെക്രട്ടറിക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ഇലക്ഷൻ കമ്മിഷൻ സ്വതന്ത്ര സ്ഥാപനമാണെന്നും, രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാരുകൾക്കോ കമ്മിഷന്റെ നടപടികളിൽ ഇടപെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പു മരവിപ്പിച്ചതിന്റെ കാരണം കമ്മിഷൻ വ്യക്തമാക്കിയിട്ടില്ലെന്നും, ഹർജിക്കാരന്റെ നിയമസഭയിലെ കാലാവധി മേയിൽ കഴിയുന്നതിനാൽ രാജ്യസഭയിലേക്ക് വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും എസ്.ശർമ്മയ്ക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എൻ.എൻ. സുഗുണപാലൻ വാദിച്ചു.

എന്നാൽ, രാജ്യസഭാ ഇലക്ഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സമയക്രമം വ്യക്തമാക്കുന്ന വാർത്താക്കുറിപ്പാണ് ഇറക്കിയതെന്നും ഇലക്ഷൻ കമ്മിഷന്റെ അഭിഭാഷകൻ വിശദീകരിച്ചു. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 21ന് കഴിയുമെന്നതിനാൽ ഇതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുപ്പു വൈകുമെന്നത് ആശങ്ക മാത്രമാണെന്നും കമ്മിഷൻ വാദിച്ചു. തുടർന്നാണ് ഹർജികൾ ഇന്നത്തേക്ക് മാറ്റിയത്.