kk

തൃക്കാക്കര: പതിമ്മൂന്നുകാരി വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മാതാവ് രമ്യയെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്യും.

പി​താവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ ഒളിവിൽ പോകുന്നതിന് ഒരാഴ്ച മുമ്പ് കങ്ങരപ്പടി​യി​ലെ മൊബൈൽ ഷോപ്പിൽ 13,000 രൂപയ്ക്ക് വിറ്റ ഫോൺ പൊലീസ് കണ്ടെടുത്തു. ഫോൺ വാങ്ങിയ ആളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോയമ്പത്തൂരിൽ തന്നെ സാനു ഉണ്ടെന്ന നിഗമനത്തിൽ ഉൗർജിതമായ അന്വേഷണം നടക്കുന്നു. ഇയാളുടെ രേഖാചിത്രങ്ങളും ഇന്നലെ പുറത്തുവിട്ടു.

രമ്യയെയും ഏതാനും ബന്ധുക്കളെയും ഇന്നു ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. പൂനെയിൽ നിരവധി കേസുകളിൽ പ്രതിയായ സാനുവിനെ തേടി പൂനെ പൊലീസ് എറണാകുളത്തേക്ക് വരാനിരിക്കെയായിരുന്നു വൈഗയുടെ മരണം.പൂനെയിൽ മെറ്റൽ, ലെയ്‌ത്ത് ബിസിനസ് നടത്തിവന്ന സാനു അവിടെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയ ശേഷം അഞ്ചരവർഷം മുമ്പാണ് കാക്കനാട് കങ്ങരപ്പടിയിൽ ഭാര്യയുടെ പേരിൽ ഫ്‌ളാറ്റ് വാങ്ങി താമസമാക്കിയത്. തേവയ്ക്കൽ വി​ദ്യോദയ സ്കൂൾ എട്ടാം ക്ളാസ് വി​ദ്യാർത്ഥി​നി​യായിരുന്നു വൈഗ. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് സാനു.

'ദൃശ്യം' മോഡൽ തിരക്കഥയോ?

സംശയനി​ഴലി​ലുള്ള സാനുമോഹന്റെ നീക്കങ്ങൾ പൊലീസി​നെ വലയ്ക്കുകയാണ്. അടി​മുടി​ ദുരൂഹമാണ് വൈഗയുടെ മരണവും സാനുവി​ന്റെ തി​രോധാനവും. കഴി​ഞ്ഞ ഞായറാഴ്ച ആലപ്പുഴയി​ലെ ബന്ധുവീട്ടി​ൽ ഭാര്യ രമ്യയെ കൊണ്ടുചെന്നാക്കി​ മകളുമായി​ കാറി​ൽ യാത്ര തി​രി​ച്ചതാണ് സാനു. അന്ന് രാത്രി​ വൈഗ പെരി​യാറി​ന്റെ കൈവഴി​യായ മുട്ടാറി​ൽ വീണു മരി​ച്ചു. സാനു അപ്രത്യക്ഷനായി​. തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മൽ ആറാട്ടുകടവ് റഗുലേറ്റർ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നാണ് മൃതദേഹം കിട്ടിയത്. വെളുത്ത ഫോക്സ് വാഗൺ​ അമി​യോ കാർ സാനു തന്നെ ഓടി​ച്ച് വാളയാർ ചെക്ക് പോസ്റ്റ് കടക്കുന്ന ദൃശ്യവും പൊലീസ് കണ്ടെത്തി​. കോയമ്പത്തൂർ ഊട്ടി​ റോഡി​ലും കാറും സാനുവും കാമറയി​ൽ പതി​ഞ്ഞു.

ദുരൂഹതയേറെ

• കാമറകളിൽ കുടുങ്ങുമെന്നറിഞ്ഞിട്ടും സ്വന്തം കാറിലാണ് സാനു സംസ്ഥാനം വിട്ടത്.

• ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയ രക്തക്കറകൾ

• അടുത്തകാലത്തായി സാനു സ്വകാര്യ ബാങ്കുകളിൽ വലിയ തുകയ്ക്ക് സ്വർണം പണയം വച്ചു.

• മുങ്ങുന്നതിന് ഒരാഴ്ച മുമ്പ് സ്വന്തം ഫോൺ ഓഫ് ചെയ്ത് ഭാര്യയുടെ ഫോൺ ഉപയോഗിച്ചു. ഭാര്യയറിയാതെ സ്വന്തം ഫോൺ വിറ്റു.

• അക്കൗണ്ടിലുള്ള 40 ലക്ഷം രൂപ ബാങ്ക് മരവിപ്പിച്ചതായി പലരോടും കള്ളം പറഞ്ഞു. സാനുവിന്റെ അക്കൗണ്ടുകളിൽ ആയിരം രൂപ പോലുമില്ല.