
കൊച്ചി: വോട്ടർ പട്ടികയിലെ പിഴവു തിരുത്താൻ പല അവസരങ്ങളുണ്ടായിട്ടും വിനിയോഗിക്കാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിനൊന്നാം മണിക്കൂറിൽ പരാതിയുമായി വന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. 2020 നവംബർ 16 മുതൽ 2021 മാർച്ച് ഒമ്പതുവരെ പട്ടികയിൽ പേരു ചേർക്കാനും പിഴവു തിരുത്താനും അവസരം നൽകിയിരുന്നെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താതെയാണ് പരാതി ഉന്നയിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ ഇന്നലെ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞു.
 സത്യവാങ്മൂലത്തിൽ നിന്ന്
നിയമസഭാതിരഞ്ഞെടുപ്പിനുള്ള നടപടികൾ ഏറെ പുരോഗമിച്ച ഇൗ ഘട്ടത്തിൽ കോടതിക്ക് ഇടപെടാനാവില്ല. അന്തിമ വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തണമെന്നും വ്യാജവോട്ടുകൾ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ഇൗ ഘട്ടത്തിൽ പരിഗണിക്കാൻ കഴിയില്ല. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് പട്ടികയിലെ പേരു നീക്കാനോ കൂട്ടിച്ചേർക്കാനോ കഴിയില്ല. പത്രിക നൽകേണ്ട തീയതിക്കു 10 ദിവസം മുമ്പെങ്കിലും ഇതിനപേക്ഷ നൽകണം. ജനുവരി 15 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനുശേഷം മാർച്ച് ഒമ്പതു വരെ മാറ്റങ്ങൾ വരുത്താൻ സമയം അനുവദിച്ചിരുന്നു. ഇൗ ഘട്ടത്തിലൊന്നും പരാതി നൽകിയിരുന്നില്ല. 2.74 കോടിയിലേറെ വോട്ടർമാരാണ് നിലവിലുള്ളത്. വ്യാജമായി പേരുചേർത്തിട്ടുണ്ടെന്ന ഹർജിക്കാരന്റെ പരാതികളെത്തുടർന്ന് വോട്ടർ പട്ടിക പരിശോധിച്ച് വസ്തുത വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ ഇലക്‌ഷൻ ഒാഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ വ്യാജ വോട്ടർമാരുണ്ടെന്നു കണ്ടാൽ അവർ വോട്ടു ചെയ്യുന്നതു തടയാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദുമയിൽ കുമാരിയെന്ന വോട്ടറുടെ പേര് പട്ടികയിൽ അഞ്ചിടത്തു വന്നതിനെത്തുടർന്ന് അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫീസറെ സസ്പെൻഡ് ചെയ്തു. കള്ളവോട്ടു തടയാൻ ബൂത്തുകളിൽ വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കും.