മൂവാറ്റുപുഴ: സി.പി.ഐയുടെയും സൈബർ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ. അധിക്ഷേപങ്ങൾ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചർച്ച ചെയ്യാൻ ഇടതുപക്ഷവും എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമും തയാറാകണമെന്ന് മാത്യു ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മാത്യു സ്ഥാനാർത്ഥിയായപ്പോൾ മുതൽ അദ്ദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണം ആരംഭിച്ചിരുന്നു.

താൻ പാർട്ണറായ കെ.എം.എൻ.പി ലാ എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ് മുതിർന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാൽ എന്ന ആരോപണം മാത്യു ഖണ്ഡിച്ചു. കെ.കെ.വേണുഗോപാലും മകൻ കൃഷ്ണൻ വേണുഗോപാലും മാത്യുവിന്റെ പാർട്ണർമാരാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ കെ.കെ.വേണുഗോപാലും മകനും തന്റെ കൂടി ഉടമസ്ഥതയിലുള്ള ലാ സ്ഥാപനത്തിൽ പാർട്ണർമാരാണെന്ന് ആരോപിക്കുന്നതിനു മുമ്പ്, കോടതി അംഗീകരിച്ച മുതിർന്ന അഭിഭാഷകർക്ക് അഭിഭാഷക സ്ഥാപനങ്ങളിൽ പങ്കാളിത്തം പാടില്ലെന്ന വ്യവസ്ഥയുണ്ട് എന്നെങ്കിലും മനസിലാക്കണ്ടേ? മാത്യു ചോദിച്ചു.

ഓർത്തഡോക്സ് സഭയുടെ വക്കാലത്തെടുത്തിരിക്കുന്നത് മാത്യുവിന്റെ പാർട്ണറായ കുര്യാക്കോസ് ആണെന്ന ആരോപണത്തിനും മാത്യു മറുപടി പറയുന്നുണ്ട്. "ഞങ്ങൾ പാർട്ണേഴ്‌സ് ആകുന്നതിനു മുമ്പേ അദ്ദേഹം അവരുടെ വക്കീലാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ഉള്ള വ്യവസ്ഥ പറയുന്നത് അതുവരെ നടത്തി വന്ന കേസുകൾ അവരവർക്ക് സ്വതന്ത്രമായി നടത്താം എന്നതാണ്. അതനുസരിച്ച് അദ്ദേഹം അവർക്കു വേണ്ടി കേസ് നടത്തി. ഉടമസ്ഥാവകാശം ഉള്ളതും ഇല്ലാത്തതുമായ 12-ാളം പാർട്ണഴ്‌സാണ് എന്റെ സ്ഥാപനത്തിലുള്ളത്" മാത്യു പറഞ്ഞു.

തന്റെ വീടിന്റെ മതിൽ റോഡിലേക്കു തള്ളിയിരിക്കുകയാണെന്ന ആരോപണത്തിനും മാത്യു മറുപടി പറയുന്നുണ്ട്‌.

"നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ ? തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.