
കൊച്ചി: യു.പിയിൽ ട്രെയിൻ യാത്രക്കാരായ കന്യാസ്ത്രീകളെ ആരും ആക്രമിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അസത്യം പറയുകയാണ്. പ്രീണന രാഷ്ട്രീയമാണിത്.
ലോക്കൽ പൊലീസിന് ഒരു പരാതി ലഭിച്ചപ്പോൾ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തത്. രേഖകൾ കൃത്യമായതിനാൽ യാത്ര തുടരാൻ അനുവദിച്ചു. പരാതി കിട്ടിയിട്ടും അന്വേഷിക്കാതെ എന്തെങ്കിലും അത്യാഹിതമുണ്ടായാലല്ലേ കുഴപ്പം? ആക്രമണമൊന്നും ഉണ്ടായിട്ടില്ല, വെറും കുപ്രചാരണം മാത്രമാണിതെന്നും പിയൂഷ് ഗോയൽ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിരുത്തരവാദപരം: കെ.സി.ബി.സി
കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കപ്പിള്ളി. ആക്രമണം നടത്തിയ സംഘടനയുടെ പ്രതിനിധികൾ പോലും സമ്മതിച്ച കാര്യമാണ് മന്ത്രി നിഷേധിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷ നൽകുന്നതിൽ റെയിൽവേക്ക് വീഴ്ച പറ്റി. അത് മറച്ചുവയ്ക്കാനാണ് ശ്രമം. യാത്രികരുടെ രേഖകൾ പരിശോധിക്കാൻ എ.ബി.വി.പിക്കും ബജ്രംഗദളിനും എന്താണ് അധികാരം? പിയൂഷ് ഗോയൽ നിരുത്തരവാദപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ഫാ. പാലക്കപ്പിള്ളി പറഞ്ഞു.