court

കൊച്ചി: അഴിമതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയോ സർവീസിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടുള്ള പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസിന്റെ വെബ്സൈറ്റിൽ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവരുടെ പേരുവിവരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വെളിപ്പെടുത്താമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികൃതരുടെ പ്രവർത്തനങ്ങൾ സുതാര്യവും ഉത്തരവാദിത്വത്തോടു കൂടിയതുമാണെന്ന് ഉറപ്പു വരുത്തുന്നതാണ് വിവരാവകാശ നിയമമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അഴിമതിക്കുറ്റത്തിന് പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടി ഡൽഹി സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ആർ. രാധാകൃഷ്‌ണൻ നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ പൊലീസിനോടു നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയിലെ സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഒാഫീസർ നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.