പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ദേശീയ വെബിനാറും നടത്തി.
പഠന കേന്ദ്രവും മലയാള വിഭാഗവും സംയുക്തമായി മൂന്നു ദിവസത്തെ വെബിനാറാണ് സംഘടിപ്പിച്ചത്. ദേശീയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡോ.കുരുവിള ജോസഫ് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കുടക് സൈനിക സ്കൂളിലെ അദ്ധ്യാപകനായ എൻ.വി. അശോകൻ ഗുരു ഗൗരവം എന്ന വിഷയത്തിലും കൊൽക്കത്ത ശ്രീനാരായണ സേവാ സംഘം വൈസ് പ്രസിഡന്റ് സുതൻ ഭാസ്ക്കരൻ ശ്രീനാരായണഗുരു ആത്മോപദേശ ശതകത്തിലൂടെ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
എസ്.എൻ.എം കോളേജ് വിദ്യാർത്ഥികളായ ടി.ആർ. ഗോപിക, എം.ഡി. ലിദിയ കൃഷ്ണ, തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജിലെ ഗവേഷക വിദ്യാർത്ഥി ടി.ആർ. ശരത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാളും പഠന - ഗവേഷണ കേന്ദ്രം പ്രസിഡന്റുമായ ഡോ.ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു.