
ഉദയംപേരൂർ: ഉദയംപേരൂർ കള്ളനോട്ട് കേസിൽ പൊലീസ് അന്വേഷണം കോഴിക്കോട് കേന്ദ്രീകരിച്ച്. തമിഴ്നാട്ടിലെ കള്ളനോട്ടടി സംഘത്തിലെ കണ്ണിയും ഇടനിലക്കാരനുമായ ചാലക്കുടി സ്വദേശി വിനോദ് കോഴിക്കോടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇയാളുടെ ലോക്കേഷൻ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിനോദിനെ പിടികൂടിയാൽ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ടടി സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.
അറസ്റ്റിലായ സഹസംവിധായകൻ നടക്കാവ് മാനസി വീട്ടിൽ പ്രിയൻ കുമാറിന് (36) തമിഴ്നാട് സംഘവുമായി രണ്ട് വർഷത്തെ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ എത്തിക്കുന്ന കള്ളനോട്ടുകൾ കടം വീട്ടാനും മറ്റുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ നൽകിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പ്രിയനടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസമാണ് ഉദയംപേരൂർ പൊലീസ് പിടികൂടിയത്.
കൊല്ലം പന്മന സ്വദേശി ധന്യ (30), ഭർത്താവ് വിദ്യാധരൻ (42) എന്നിവരാണ് കൂട്ടുപ്രതികൾ. മൂവരും റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
അഞ്ച് ദിവസത്തെ പാർട്ടി അന്വേഷിക്കും
പ്രിയന്റെ സഹോദരിയുടെ വിവാഹം ആർഭാടമായാണ് നടന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം വിരുന്നു സംഘടിപ്പിച്ചിരുന്നു. പ്രിയന്റെ സുഹൃത്തും ഉദയംപേരൂർ സ്വദേശിയുമായ ആളാണ് കാറ്ററിംഗ് ഏറ്റെടുത്ത് നടത്തിയത്. അഞ്ച് ലക്ഷത്തോളം രൂപയുടെ വിഭവങ്ങൾ അഞ്ച് ദിവസങ്ങൾക്കുള്ളിൽ വിളമ്പി. വിവാഹം പൊടിപൊടിച്ചെങ്കിലും കാറ്ററിംഗിന്റെ പണം നൽകിയിരുന്നില്ല. വിദേശ നായ്ക്കളെ വളർത്തി വില്ക്കുന്ന ബിസിനസും പ്രിയനുണ്ട്.